തൃശൂർ തെക്കുംകരയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഊരോക്കാട് ചിങ്ങംചിറ പാലത്തിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം
തൃശൂർ തെക്കുംകര ചിങ്ങംചിറ പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. ഊരോക്കാട് സ്വദേശി അജി ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് ഇന്നലെ വൈകിട്ട് 4:30 ഓടെ അപകടത്തിൽപ്പെട്ടത്. കനാൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന അജി, എതിർദിശയിൽനിന്ന് വന്ന മറ്റൊരു ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു . ഓട്ടോ മറിയുന്നതിന് തൊട്ടുമുമ്പ് അജി സാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ ഓട്ടോറിക്ഷ മീറ്ററുകൾക്ക് അകലെയാണ് നിന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഓട്ടോറിക്ഷ പുറത്തെത്തിച്ചത്