കോഴിക്കോട് മാമി തിരോധാനം ആദ്യം അന്വേഷിച്ച നടക്കാവ് പൊലീസിന് വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. നടക്കാവ് എസ്എച്ച്ഒ ആയിരുന്ന പി.കെ. ജിജീഷിന് കേസ് അന്വേഷിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാത്തത് കേസ് അന്വേഷണത്തെ ബാധിച്ചുവെന്നും നാർക്കോട്ടിക് എസിപി ഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2023 ഓഗസ്റ്റ് 21 നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ കാണാതായത്. അന്നേ ദിവസത്തെ രണ്ട് സിസിടിവികൾ മാത്രമാണ് നടക്കാവ് പൊലീസ് പരിശോധിച്ചത്. ഈ സിസിടിവികൾ പ്രവർത്തനരഹിതവുമായിരുന്നു. മാമിയുടെ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷനായ തലക്കുളത്തൂരിലും കൃത്യമായ അന്വേഷണം നടത്തിയില്ല.
മാമിയെ കാണാതായ അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാത്തത് വീഴ്ചയാണ്. നടക്കാവ് എസ് എച്ച് ഒ ആയിരുന്ന പി. കെ. ജിജീഷ്, എസ്ഐ ബിനു മോഹൻ രണ്ട് സിപിഒമാർക്കും കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. ഒരു വർഷത്തിനുശേഷം കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അറുപതോളം സിസിടിവികൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. നടക്കാവ് കേസ് കൃത്യമായ അന്വേഷിച്ചില്ലെന്ന് മാമിയുടെ കുടുംബവും ആരോപിച്ചിരുന്നു.