കാസർകോട് സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്ക് പരുക്കേറ്റതില്‍ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യ ജീവനും പൊതുസമൂഹത്തിനും ആപത്താവുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് കേസ്. നുള്ളിപ്പാടിയിൽ രണ്ടുദിവസമായി നടക്കുന്ന കാസർകോട് ഫ്ലീ എന്ന പരിപാടിയുടെ അവസാന ദിവസമാണ് അപകടമുണ്ടായത്.
ഹനാൻ ഷായുടെ സംഗീത പരിപാടിക്കായി ഒട്ടേറെ പേർ തള്ളിക്കയറിയതാണ് അപകടമുണ്ടാക്കിയത്. പൊലീസ് ഇടപെട്ട് പരിപാടി നിർത്തിവെപ്പിച്ചു. പലതവണ ലാത്തി വീശിയാണ് ആളുകളെ പിരിച്ചുവിട്ടത്. പരിപാടിയുടെ ടിക്കറ്റ് നിരക്ക് 100 രൂപ മാത്രമായിരുന്നു. ഞായറാഴ്ചയായിരുന്നതും സംഗീതപരിപാടി ഉണ്ടായിരുന്നതും ആളുകള്‍ കൂട്ടത്തോടെ പരിപാടിയിലേക്ക് എത്തുന്നതിന് കാരണമായി.
സംഘാടകർ പറയുന്നത് അവർ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകളെത്തി എത്തിയെന്നാണ്. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവർ ടിക്കറ്റ് നിരക്ക് 200 ആക്കി ഉയര്‍ത്തിയിരുന്നു. ഗ്രൗണ്ട് നിറഞ്ഞ് ആളുകളായിട്ടും ടിക്കറ്റ് വില്‍പ്പന നിര്‍ത്തിയില്ല. ഇതോടെ ടിക്കറ്റെടുത്ത ആളുകള്‍ ഗ്രൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.
30 ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിലവില്‍ 12 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് സംഘാടകർ പ്രവർത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് സംഘാടകരായ അഞ്ചു പേർക്കെതിരെ കേസ് എടുത്തത്.