ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിയുടെ ശിക്ഷ പിന്നീട് വിധിക്കും. മലപ്പുറം മുതുകോട് സ്വദേശി പ്രബീഷിനാണ് വധശിക്ഷ. രണ്ടാം പ്രതി കൈനകരി സ്വദേശി രജനി ലഹരിക്കടത്ത് കേസിൽ ഒഡീഷയിൽ ജയിലിൽ കഴിയുകയാണ്. ഇവരെ ആലപ്പുഴ ജയിലിൽ ഹാജരാക്കുന്ന ദിവസം ശിക്ഷ വിധിക്കും. പുന്നപ്ര സ്വദേശി അനിത ശശിധരനാണ് കൊല്ലപ്പെട്ടത്.
ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയപ്പോൾ ആണ് പ്രബീഷ് അനിതയുമായി പരിചയപ്പെട്ടത്. ഭർത്താവുമായി പ്രശ്നങ്ങളെ തുടർന്ന് ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത. ഇതിനിടയ്ക്കാണ് പ്രബീഷുമായി അടുത്തത്. ഗർഭിണിയായതിനെ തുടര്‍ന്ന് അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഗർഭത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് വിസമ്മതിച്ചു. അതേസമയം ഇരുവരുടേയും ബന്ധത്തെ കുറിച്ച് മറ്റൊരു കാമുകയായി രജനി അറിയുകയും ഇത് പ്രശ്നമാവുകയും ചെയ്തു. ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞെങ്കിലും ഇത് രജനിയും അനിതയും എതിർത്തു. തുടർന്ന് പാലക്കാട് ആലത്തൂരിൽ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ 2021 ജൂലൈ 9 ന് കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചു. രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചു. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി.
വീടിനു സമീപത്തെ തോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ വള്ളം മറിയുകയായിരുന്നു. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്. ഇതോടെ വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. നെടുമുടി പൊലിസ് ഇൻസ്പക്ടറായിരുന്ന എ.വി. ബിജു ആണ് കേസ് അന്വേഷിച്ചത്. അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എൻ. ബി. ശാരി ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.