കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കരിമ്പാലക്കുന്ന് സ്വദേശി അനീസിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രഷ് കട്ട് സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിന് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കാന്‍ സഹായിച്ച മുസ്ലീം ലീഗ് നേതാവ് ഹാഫിസ് റഹ്മാനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
താമരശേരി ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലാകുന്ന ഇരുപത്തിമൂന്നാമത്തെയാളാണ് അനീസ്. അക്രമ സംഭവങ്ങളില്‍ അനീസിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പൊലീസ് വലവിരിച്ചിരിക്കുന്ന ഫ്രഷ് കട്ട് സമര സമിതി ചെയര്‍മാന്‍ കുടുക്കില്‍ ബാബുവിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാനാണ് മുസ്ലീം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം ഹാഫിസിനെ ചോദ്യം ചെയ്തത്.
ബാബുവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ഹാഫിസില്‍ നിന്ന് പൊലീസിന് ലഭിച്ചു. അതിനിടെ നേപ്പാള്‍ വഴി കരമാര്‍ഗം ബാബു കോഴിക്കോട് എത്തിയതായും വിവരമുണ്ട്. താമരശേരി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് യു.ഡി.എഫ് പ്രതിനിധിയായിയാണ് ബാബു മത്സരിക്കുന്നത്. ബാബുവിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും പ്രചാരണ വീഡിയോകളില്‍ ബാബു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.