has

കോഴിക്കോട്  താമരശേരിയില്‍ ഹസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു. കൊടി സുനി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഹസ്നയുടെ ആണ്‍സുഹ‍ൃത്ത് ആദില്‍ ലഹരി ഇടപാട് നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്. 

ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്നയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു . ലഹരി ഇടപാടുകള്‍ പുറത്തുപറയുമെന്നും കൊടിസുനിയും ഷിബുവും അടക്കമുള്ളവര്‍ കുടുങ്ങുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച വോയ്സ് മെസേജില്‍ പറയുന്നു. ഇതില്‍ സമഗ്രന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹസ്നയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

ആദിലേ നീ ഫോണെടുത്തോ.... 12 മണി വരെ നിനക്ക് ടൈം തന്നിട്ടുണ്ട്. അല്ലെങ്കില്‍ കളി ഇതൊന്നും ആയിരിക്കില്ല. എന്‍റെ ജീവിതം പോയി. എന്‍റെ ജീവിതം പോവാണെങ്കില്‍ നിന്‍റെ ജീവതവും തീര്‍ക്കും. കൊടിസുനി മുതല്‍ ഷിബു വരെ കുടുങ്ങും. സത്യാണിത്. എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും അടിക്കുന്ന ലഹരിയുടെ വിവരമടക്കം സമൂഹമാധ്യമത്തില്‍ പങ്കുവെക്കും എന്നാണ് ഹസ്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

ആഴ്ച്ചകള്‍ക്ക് മുമ്പ് ഹസ്ന ആദിലിന് അയച്ച ശബ്ദ സന്ദേശമാണിത്. ലഹരി ഉപയോഗിക്കുന്ന കാര്യങ്ങളടക്കം തുറന്നു പറയുന്ന ഹസ്ന, കൊടിസുനി അടക്കമുള്ളവരെ പരാമര്‍ശിച്ചത് മരണത്തില്‍ ദുരൂഹത കൂട്ടുന്നുവെന്നാണ് ബന്ധുക്കളുടെ വാദം. ലഹരി ഇടപാട് പുറത്തറിയുമെന്ന് ഭയന്ന് ഹസ്നയെ അപായപ്പെടുത്തിയതാണോ എന്നും സംശയിക്കുന്നു.

എട്ടുമാസം മുമ്പാണ് ആദിലിനൊപ്പം ഹസ്ന താമസം തുടങ്ങിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഹസ്ന ആദിലിനൊപ്പം പോയത്. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ആദിലിനും ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. ആദിലിനൊപ്പം പോയ ശേഷം ഹസ്ന നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് ബന്ധുക്കള്‍ പറയുന്നു. പലപ്പോഴും ഹസ്ന മാതാപിതാക്കളോട് സങ്കടം പറയാറുണ്ടെങ്കിലും ഇത്രത്തോളം രൂക്ഷമാകുമെന്ന് ഇവര്‍ കരുതിയില്ല.

ഹസ്ന ആത്മഹത്യകുറിപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മാതാപിതാക്കളടക്കം ആരും അത് കണ്ടിട്ടില്ല. കുറിപ്പ് എഴുതി വച്ചത് ഹസ്ന തന്നെയാണോ എന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Kerala news is currently focusing on the ongoing investigation into the death of Hassana in Thamarassery. Police are investigating potential links to Kodi Suni and also exploring the possibility of drug involvement by Hassana's male friend, Adil.