കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമാണ് മാനേജ്മെന്‍റ് നടപടി. മരണംവരെ ജീവപര്യന്തം തടവിനാണ് പത്മരാജനെ കോടതി ശിക്ഷിച്ചത്.
നാലാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കുനിയില്‍ പത്മരാജനെ തലശേരി പോക്സോ കോടതി ശിക്ഷിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വിവരം വിദ്യാഭ്യാസ മന്ത്രി തന്നെ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. കോടതി വിധി വന്നതിനുപിന്നാലെ വിദ്യാഭ്യാസ വകുപ്പ് നടപടിയിലേക്ക് കടന്നിരുന്നു. കണ്ണൂര്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് മന്ത്രി നല്‍കിയ നിര്‍ദേശം പ്രകാരമാണ് തുടര്‍നടപടി ഉണ്ടായത്.
ജോലിയില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിടാന്‍ ഉപഡയറക്ടര്‍ സ്കൂള്‍ മാനേജരോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുനിയില്‍ പത്മരാജനെ മരണംവരെ തടവിന് ശിക്ഷിച്ച് കോടതി ഉത്തരവിട്ടത്. അതിജീവിതയെ കൗണ്‍സിലിങ്ങ് ചെയ്ത വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സലറെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കൗണ്‍സലറുടെ പെരുമാറ്റത്തിനെതിരെയുള്ള പരാതിയിലായിരുന്നു നടപടി.