വീട്ടിൽ പോരില്ല. പക്ഷേ പോർമുഖത്ത് രാഷ്ട്രീയ യുദ്ധം. ഇതാണ് ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ പത്താം വാർഡിലെ കഥ. കട്ടപ്ലാക്കൽ അബ്ദുൾസലാമിന്‍റെ മക്കളായ അയൂബ്ഖാനും അൽസൽന സക്കീറുമാണ് വാർഡ് പിടിക്കാൻ വീറോടെ ഏറ്റുമുട്ടുന്നത്.
കൊക്കയാർ പഞ്ചായത്തിലെ നാരകംപുഴ. എൽഡിഎഫ് സ്വതന്ത്രയായ അൽസൽനയായിരുന്നു വാർഡ് പ്രതിനിധി. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിന് നാരകംപുഴ തിരിച്ചുപിടിക്കണം. നിയോഗം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അയൂബിന്. ജനറൽ വാർഡായതോടെ, അയൂബിന്‍റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചു. തൊട്ടുപുറകെ, ചെക്ക് വച്ച് എൽഡിഎഫ്. അൽസൽനയെത്തന്നെ വീണ്ടും രംഗത്തിറക്കി, അയൂബിന്‍റെ സഹോദരിയെ. സഹോദരബന്ധം ഒരുവശത്ത്. പ്രത്യയശാസ്ത്രം മറുകയ്യിൽ. പ്രാധാന്യം രാഷ്ട്രീയ പോരാട്ടത്തിന്.
ഇതിനുമുമ്പ് ഇരുവരും പോരാട്ടത്തിനിറങ്ങിയത് 2015ൽ. അതും രണ്ട് വാർഡിൽ. അന്ന് ഇരുവർക്കും തോൽവി. 2020ൽ ജയം അൽസൽനക്കൊപ്പം. ഇക്കുറി ഇരുവരും നേർക്കുനേർ വരുമ്പോൾ കൊക്കയാർ പഞ്ചായത്ത് ശ്രദ്ധാകേന്ദ്രമാകുകയാണ്