ശബരിമല തീര്‍ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും നിലയ്ക്കലിലെ വാഹന പാര്‍ക്കിങ് സൗകര്യം പരിമിതം. ഒന്‍പതിനായിരം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടെന്ന പ്രഖ്യാപനമുണ്ടെങ്കിലും അയ്യായിരത്തില്‍ താഴെ മാത്രമാണ്. വിശ്രമത്തിന് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമെന്ന് ഡ്രൈവര്‍.
പാര്‍ക്കിങ് സ്ഥലമെന്നാണ് പേരെങ്കിലും കൃഷിയിടത്തിന് സമാനമാണ്. തറ നിരപ്പാക്കാന്‍ പോലും മനസ് കാണിക്കാതെ ദേവസ്വം ബോര്‍ഡിന്‍റെ ക്രമീകരണം. മഴ കനത്തതോടെ വാഹനങ്ങള്‍ ശരിയായ രീതിയില്‍ നിര്‍ത്തിയിടാനോ, സുരക്ഷിതമായി പുറത്തേക്ക് എടുക്കാനോ കഴിയാത്ത സ്ഥിതി. വാഹന പാര്‍ക്കിങിന് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. വരും ദിവസങ്ങളില്‍ തിരക്ക് കൂടുന്നതോടെ പ്രതിസന്ധി ഉയരും. വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള പരിമിതി കാര്യമായി ബാധിക്കും. ഡ്രൈവര്‍മാര്‍ക്കുള്ള പതിവ് പരാതിയുടെ വ്യാപ്തി ഇത്തവണ കൂടിയിട്ടേയുള്ളൂ. കുറവില്ല.
പാര്‍ക്കിങ് സൗകര്യത്തിന്‍റെ പരിമിതിയോ, വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലത്തെ സുരക്ഷയോ കരാറുകാരനെ ബാധിക്കില്ല. പരമാവധി വാഹനങ്ങള്‍ക്ക് നിരക്ക് ഈടാക്കുക, നേരെ പാര്‍ക്കിങ് സ്ഥലത്തേക്ക് കടത്തിവിടുക. ബാക്കിയെല്ലാം ഡ്രൈവറുടെ ഉത്തരവാദിത്തമെന്ന നിലയിലാണ്. വനത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് വാഹനം നിര്‍ത്തിയിടുന്നത് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ പ്രതിസന്ധിക്കിടയാക്കും. ഇത് നിരീക്ഷിക്കാനും മുന്നറിയിപ്പ് നല്‍കാനും വേണ്ടത്ര ജാഗ്രതയില്ലെന്നാണ് ആക്ഷേപം.