ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസ് അസോസിയേഷനിലെ പൊലീസുകാർ തമ്മിൽ തർക്കം.പത്തനംതിട്ട പൊലീസ് അസോസിയേഷൻ സെക്രട്ടറി നിഷാന്ത് ചന്ദ്രൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ പുഷ്പദാസിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. സന്നിധാനത്ത് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാം എന്നാണ് ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രന്റെ ഭീഷണി.
പൊലീസ് അസോസിയേഷൻ നൽകിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി നൽകിയതിലാണ് തർക്കം. ജില്ലാ പോലീസ് അസോസിയേഷൻ സാധാരണ ശബരിമല ഡ്യൂട്ടിക്ക് താല്പര്യമുള്ള ആളുകളുടെ ലിസ്റ്റുണ്ടാക്കി ജില്ലാ കളക്ടർക്ക് നൽകാറുമുണ്ട്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ പുഷ്പദാസ് ഇത്തവണ ലിസ്റ്റിൽ ഇടം പിടിച്ചെങ്കിലും ലിസ്റ്റിൽ നിന്നും ഒഴിവാക്കാനായി ശ്രമം നടന്നു. എന്നാൽ ഇത് നടക്കാതെ വന്നെന്നാണ് പുഷ്പദാസ് പറയുന്നത്.സന്നിധാനത്തെ ഡ്യൂട്ടി സ്ഥിരമല്ലെന്നും ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ കാണിച്ചുതരാം എന്നുമാണ് ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രന്റെ ഭീഷണി.
നിഷാന്തും പുഷ്പദാസും തമ്മിൽ പൊലീസ് അസോസിയേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം പുഷ്പദാസിനെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെന്ന വാദം തെറ്റാണെന്ന് നിഷാന്ത് പറഞ്ഞു.ഗുണ്ടാ ബന്ധം എന്ന പരാതിയെ തുടർന്ന് തിരുവല്ലയിൽ നിന്നും കഴിഞ്ഞമാസം ചിറ്റൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥനാണ് നിഷാന്ത്.