പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബസിലും ട്രെയിനിലും പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണ്. ഇപ്പോഴിതാ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് കണ്ടന്‍റ് ക്രിയേറ്ററായ ധനശ്രീ എന്ന യുവതി. എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം 3.30നാണ് യുവതിക്ക് മറ്റൊരു യാത്രക്കാരനില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 

പ്രതിയുടെ മുഖം കാണിക്കാതെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി യുവതി പറയുന്നത് അയാളെന്നെ ചെയ്തത് എന്തെന്ന് എനിക്ക് അറിയാം, കണ്ടവർക്കും അറിയാം. അതിൻ്റെ നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പക്ഷേ അയാൾക്ക് ഒരു കുടുംബം ഉണ്ട്. ഒരു ഭാര്യയും, മകളും, അമ്മയും സഹോദരിയോ അയാളുടെ മുഖം കാണുവാനിടയായി കഴിഞ്ഞാൽ അവർ ഇവിടെ എന്ത് തെറ്റാണ് ചെയ്തത്? ഇത് പോലെ ഒരാളെ ആ അമ്മ പ്രസവിച്ചതോ? അതോ അയാളുടെ ഭാര്യ വിവാഹം കഴിച്ചതോ? മുഖം കാണിച്ചതിൻ്റെ പേരിൽ ആ നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നാണ്. 

ധനശ്രീയുടെ വാക്കുകള്‍

ഞാന്‍ ചെറുപ്പം മുതലേ കേട്ടുവരുന്ന ഒരുകാര്യമുണ്ട്. പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങി നടക്കുന്നത് ശരിയല്ല, ശരീരം കാണുന്ന വസ്ത്രങ്ങള്‍ ഇട്ടാല്‍ ആണുങ്ങള്‍ക്ക് പ്രലോഭനം ഉണ്ടാകും. അതുകൊണ്ടു തന്നെ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കണം. ഇന്നലെ എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ തൃശിലേക്ക് പോകാനായി പൂനൈ എക്സ്പ്രസില്‍ കയറാന്‍ നില്‍ക്കുകയായിരുന്നു. ട്രെയിനില്‍ നിന്നും കുറേ ആളുകള്‍ ഇറങ്ങാനായി ഉണ്ട്. ഞാന്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കയറാനായി നില്‍ക്കുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ഒരു ഭീകരജനത്തിരക്കൊന്നും ഇല്ല. കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു. 

 

ആ സമയത്ത് ഒരു കൈ എന്‍റെ ഇരുവശങ്ങളിലുമായി വരുന്നുണ്ട്, ആ കൈ ഞാന്‍ കാണുന്നുമുണ്ട്. ആ സമയത്ത് തന്നെ പെട്ടന്ന് അയാള്‍ എന്‍റെ മാറിടത്തിലേക്ക് പിടിച്ചു. ഞാന്‍ ആ കൈ കാണുന്നതും അയാള്‍ എന്നെ പിടിക്കുന്നതും ഒരേ സമയത്തായിരുന്നു. ഞാന്‍ അയാളുടെ ഒരു കൈ പിടിച്ചുവെച്ചു. കൈ തിരിച്ച് എന്ത് തോന്ന്യാസമാണ് കാണിക്കുന്നതെന്ന് ചോദിച്ച് ഞാന്‍ നല്ല ശബ്ദം ഉണ്ടാക്കി. ആദ്യം അയാള്‍ ഒന്നിം പറഞ്ഞില്ല. ആള്‍ക്കാര് കൂടാന്‍ തുടങ്ങിയപ്പോള്‍ ഇല്ലാ, ഇല്ലാ എന്ന് ആവര്‍ത്തിച്ച് പറയാന്‍ തുടങ്ങി. നീ പിടിച്ചില്ലേ എന്ന് ചോദിച്ച് ദേഷ്യപ്പെട്ട് ഞാന്‍ വിഡിയോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഫോണ്‍ തട്ടിമാറ്റിയിട്ട് ഓടി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്ക് ഓടേണ്ട കാര്യമില്ലായിരുന്നു. ഓടുന്നതിനിടയില്‍ നാട്ടുകാരൊക്കെ കൂടി അയാളെ പിടിച്ചു.

 

അവിടെ നിന്ന ഒരു ചേച്ചി പറയുന്നുണ്ട്, സാരമില്ല മോളേ മാലയൊന്നും എടുത്തോണ്ട് പോയില്ലല്ലോ എന്ന്. അപ്പോള്‍ എനിക്ക് ദേഷ്യം വന്ന് ഞാന്‍ നല്ല ശബ്ദത്തില്‍ തന്നെ പറഞ്ഞു ആളെന്‍റെ മാല പൊട്ടിക്കുകയല്ല എന്‍റെ മാറിടത്തില്‍ പിടിക്കുകയാണ് ചെയ്തതെന്ന്. അവിടുത്തെ പൊലീസുകാരോട് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. നല്ല പൊലീസുകാര്‍ ആയിരുന്നു. ഞാന്‍ പരാതി എഴുതിക്കൊടുക്കുമ്പോള്‍ അയാള്‍ പറയുന്നുണ്ട് ഞാനല്ലടോ പിടിച്ചതെന്ന്. അയാള് പിടിക്കുന്നത് ഞാന്‍ കണ്ടതാണ് എനിക്ക് അത്രയും ഉറപ്പാണ്. പിന്നെ അയാള് ഭാര്യയുണ്ട് കുട്ടിയുണ്ട് അവര്‍ അറിഞ്ഞാല്‍ ഇത് സഹിക്കില്ല എന്നൊക്കെ പറയാന്‍ തുടങ്ങി. 

 

ഞാന്‍ ജേഴ്സി ഇട്ടിട്ടായിരുന്നു. അതും സമയം വൈകുന്നേരം മൂന്നര. എന്നെ അയാള്‍ പിടിച്ചതിനെക്കാള്‍ എനിക്ക് പ്രശ്നമായി തോന്നിയത് ഇന്ന് അയാളെ വെറുതെവിട്ടാല്‍ ആ കുറ്റബോധം എനിക്ക് എപ്പോഴും ഉണ്ടാകും. ഞാന്‍ മിണ്ടാതിരുന്നിട്ട് ഇങ്ങനെ ഒരാള്‍ രക്ഷപ്പെട്ടു എന്ന കാര്യം മനസില്‍ നിക്കും. ഈ ശിക്ഷ കാരണം അയാള്‍ നന്നായാല്‍ നാളെ ഒരു പെണ്‍കുട്ടിയെങ്കിലും രക്ഷപ്പെടും. അയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഒന്നും മിണ്ടാതെ ഞാന്‍ വന്നിരുന്നെങ്കില്‍ ആ കുറ്റബോധം കൊണ്ട് എനിക്ക് ഉറങ്ങാന്‍ കൂടി പറ്റില്ലായിരുന്നു. ശബ്ദം ഉയര്‍ത്തി എന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.