മണ്ഡലകാലം തുടങ്ങിയിട്ടും ഇടുക്കി കമ്പംമെട്ടിലെ ഇടത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കാത്തത് തീർഥാടകരെ വലയ്ക്കുന്നു. ആറുവർഷം മുന്‍പ് നാല് കോടി രൂപ ചെലവിൽ പ്രഖ്യാപിച്ച ഇടത്താവളത്തിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ജില്ലയിലെ അതിർത്തി ഗ്രാമമായ കമ്പംമെട്ട്. പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് ഓരോ വർഷവും ഇതുവഴി കടന്നു പോകുന്നത്. എന്നാൽ വർഷങ്ങളായി അസൗകര്യങ്ങൾ മാത്രമാണ് കമ്പംമെട്ടിൽ ഭക്തരെ കാത്തിരിക്കുന്നത്. ശുചിമുറികൾ പണിതെങ്കിലും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങളില്ല
പാർക്കിങ്, വിശ്രമകേന്ദ്രം വഴിവിളക്കുകൾ തുടങ്ങിയവ ഉൾപ്പെടുത്തി 2019ലെ ബജറ്റിലാണ് ഇടത്താവളത്തിനായി പണം വകയിരുത്തിയത്. സ്ഥലം ഏറ്റെടുത്ത് നൽകിയെങ്കിലും സർക്കാർ ഉദാസീനത കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. അയ്യപ്പഭക്തർ കടന്നുപോകുന്ന പാതകളിൽ സൂചന ബോർഡുകൾ കാടുകയറി മറഞ്ഞ നിലയിലാണ്. മലിനജലം ഒഴുകാൻ തുടങ്ങിയതോടെ ടൗണിലും പരിസര പ്രദേശങ്ങളിലും പകർച്ചവ്യാധി പടരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ