padmakumar-altered-minutes

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ എ.പത്മകുമാറിനെ കുരുക്കി മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ മൊഴി. തങ്ങള്‍ ഒപ്പിട്ട് പൂര്‍ത്തിയാക്കിയ മിനിട്സിലാണ് പത്മകുമാര്‍ ചെമ്പെന്ന് എഴുതിച്ചേര്‍ത്തതെന്നാണ് മൊഴി. 2019 മാര്‍ച്ച് 19ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്ന സ്പോണ്‍സറെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഈ യോഗത്തിന്‍റെ മിനിട്സിലാണ് സ്വര്‍ണം പൊതിഞ്ഞത് എന്നെഴുതിയിരുന്ന ഭാഗം പത്മകുമാര്‍ പച്ചമഷി കൊണ്ട് വെട്ടി ചെമ്പ് എന്നെഴുതുകയും അതിന് താഴെ 'ഇത് കൊടുത്തുവിടാന്‍ യോഗം   അനുവദിച്ചിരിക്കുന്നു' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്വന്തം കൈപ്പടയില്‍ എഴുതിയാണ് പത്മകുമാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് കൂട്ടായെടുത്ത തീരുമാനമാണോ എന്നറിയുന്നതിനായാണ് അന്നത്തെ അംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.  

ദേവസ്വം ബോര്‍ഡ് യോഗത്തിലെ തീരുമാനങ്ങള്‍ സെക്രട്ടറി അന്നോ, അടുത്ത ദിവസമോ മിനിട്സായി എഴുതുമെന്ന് അംഗങ്ങള്‍  മൊഴി നല്‍കിയിരുന്നു.   ആ ഡ്രാഫ്റ്റ് അംഗങ്ങളെ കാണിക്കും . അത് പരിശോധിച്ച് അംഗങ്ങള്‍ ഒപ്പിടും. ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഒപ്പിടും.  അങ്ങനെയാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും അംഗങ്ങള്‍ മൊഴി നല്‍കി. പ്രസ്തുത ദിവസത്തെ തീരുമാനത്തില്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നെഴുതിയ ഡ്രാഫ്റ്റാണ് ദേവസ്വം സെക്രട്ടറി കാണിച്ചെതന്നും അതില്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശണമെന്നായിരുന്നു ഉണ്ടായിരുന്നത്. തിരുത്തല്‍ പത്മകുമാര്‍ സ്വയം ചെയ്തതാണെന്നും ദേവസ്വം ബോര്‍ഡ് തീരുമാനം അട്ടിമറിച്ചതാണെന്നും അംഗങ്ങള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതോടെയാണ് പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തതും അറസ്റ്റിലേക്ക് നീങ്ങിയതും. 

അതിനിടെ പത്മകുമാറിന്‍റെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സന്ദര്‍ശനം നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പത്മകുമാറിന്‍റെ കുടുംബാംഗങ്ങളുടേതാണ് ഈ മൊഴി. സൗഹൃദ സന്ദര്‍ശനത്തിനാണ് പോറ്റി എത്തിയിരുന്നതെന്നും മൊഴിയില്‍ പറയുന്നു. 

ENGLISH SUMMARY:

Former members of the Travancore Devaswom Board (TDB) have given statements that incriminate former President A. Padmakumar in the Sabarimala gold scam. They testified that Padmakumar altered the board's completed minutes by scoring out 'gold-plated' and writing 'copper' in green ink regarding the decision to entrust Unnikrishnan Potti with gilding the door panels. Members claim the original draft, which they signed, mentioned gold, and Padmakumar made the changes unilaterally, effectively subverting the board's decision. This testimony led to Padmakumar's detailed questioning and subsequent arrest. The probe also revealed that the sponsor, Potti, had visited Padmakumar's home