ശബരിമല തീർഥാടകർക്കായുള്ള KSRTC സർവീസിൽ പമ്പ ഡിപ്പോയുടെ അഞ്ച് ദിവസത്തെ വരുമാനം മൂന്ന് കോടി കടന്നു. ദിവസേന 60 ലക്ഷത്തിന് മുകളിലുള്ള വരുമാനം കഴിഞ്ഞ തവണത്തെക്കാൾ ഇരുപത് ശതമാനം കൂടുതലാണ്. ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും പമ്പയിൽ നിന്നും അന്തർ സംസ്ഥാന സർവീസുകൾ ഓടിത്തുടങ്ങും.
സുഖദർശനത്തിന് സുരക്ഷിത യാത്ര പ്രധാനമാണ്. അയ്യനെ കണ്ട് കൺകുളിർത്ത് മലയിറങ്ങിയാൽ സ്വന്തം ദേശത്തിലേക്ക് വേഗത്തിലെത്താനുള്ള ആഗ്രഹമേറും. അവിടെയാണ് ആനവണ്ടിയുടെ ഇടമുറിയാത്ത സർവീസുള്ളത്. ഏത് ദേശത്തേയ്ക്കും തടസങ്ങളില്ലാതെ യാത്രാ സൗകര്യം. സ്വാമിമാരുടെ വരവ് കൂടിയതോടെ ദിവസേന ശരാശരി അറുപത് ലക്ഷം കടക്കും പമ്പ ഡിപ്പോയുടെ വരുമാനം.
പമ്പ, നിലയ്ക്കൽ ചെയിൻ സർവീസിന് മാത്രം 170 ലേറെ ബസുകളുണ്ട്. 14 ജില്ലകളിലെയും സർവീസിനൊപ്പം ഇതര സംസ്ഥാനങ്ങളിലേക്കും വൈകാതെ സ്വാമിമാർക്കായി ആന വണ്ടിയെത്തും. തടസരഹിത സേവനത്തിനായി പരിചയ സമ്പന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരക്കേറുന്നതിന് അനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടുന്നതിന് വിവിധ ഡിപ്പോകളിൽ നിന്നും കൂടുതൽ ബസുകൾ പമ്പയിലേക്കെത്തും.