ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശിൽപ്പ പാളികളുടെയും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി. സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. 

Also Read: 'സ്വര്‍ണക്കള്ളാ..!'; വാസുവിനെ വളഞ്ഞ് പ്രതിഷേധക്കാര്‍; വകഞ്ഞ് മാറ്റി പൊലിസ്


ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും മൊഴിയുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്ഐടി ആലോചിക്കുന്നത്. എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സി.പി.എം നേതാവുമായ എം.പത്മകുമാര്‍ ജയിലിലാണ് കഴിയുന്നത്. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. രാത്രി 10 മണിയോടെ  തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ എത്തിച്ചു. തുടര്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. അടുത്ത ദിവസം തന്നെ ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. 

ENGLISH SUMMARY:

Kadakampally Surendran may be questioned in the Sabarimala gold smuggling case. The investigation team might interrogate him following A. Padmakumar's statement implicating him in the case.