വോട്ടില്ലാത്ത വി.എം.വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച യു.ഡി.എഫിന് പറ്റിയ അമളി രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കും കോണ്‍ഗ്രസിനും പറ്റിയ വീഴ്ച മറയ്ക്കാന്‍ എല്‍.ഡി.എഫിന് നേരെ ആരോപണമുയര്‍ത്തിയതിനെ തെളിവുസഹിതം പൊളിച്ചടുക്കിയത് വോട്ടര്‍മാര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാക്കാനാണ് സി.പി.എം തീരുമാനം.
വിഎം വിനുവിന് വോട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട കോണ്‍ഗ്രസ് ഒടുവില്‍ വോട്ടില്ലെന്ന് അറിഞ്ഞതോടെ എല്ലാ പഴിയും സിപിഎമ്മിന് മേല്‍ ചൊരിയുകയാണുണ്ടായത്. ഇത് രാഷ്ട്രീയ അധാര്‍മികതയാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. വോട്ടര്‍പട്ടികയടക്കം നല്‍കി കോണ്‍ഗ്രസ് വാദത്തെ പൊളിക്കാനായത് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ ആകുമോ എന്നാണ് സിപിഎമ്മിന്‍റെ ആലോചന. വി.എം വിനുവിനെ രക്തസാക്ഷിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയാണ് സിപിഎം.
വിഎം വിനുവിനെ വിളിച്ചുവരുത്തി അപമാനിച്ചതാണെന്നും സിപിഎം പറഞ്ഞുവയ്ക്കുന്നു. കുടുംബ യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലുമടക്കം വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഎം ജില്ലാ നേതൃത്വം നല്‍കിയ നിര്‍ദേശം.