സ്വന്തം സംഘടനയില്‍ നിന്നുണ്ടായ നീതി നിഷേധത്തിനെതിരെ തെരുവിലിറങ്ങിയ ഹരിത നേതാക്കളില്‍ പലരുമിന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന സ്ഥാനാര്‍ഥികളാണ്... എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം അച്ചടക്കനടപടിയെടുത്ത് മാറ്റി നിര്‍ത്തിയ ഹരിത നേതാക്കളെ പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു.
എംഎസ്എഫ് യോഗത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹരിത നേതാക്കള്‍ 2022 ല്‍ തെരുവിലിറങ്ങിയത്. പക്ഷെ ആരോപണവിധേയരെ സംരക്ഷിച്ച ലീഗ് നേതൃത്വം എംഎസ്എഫിന്റ വനിത വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിട്ടു. സംഘടന പ്രവര്‍ത്തനത്തില്‍ നിന്ന്മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അവരെ കൂടെ കൂട്ടി
സമരക്കാര്‍ക്കൊപ്പം അടിയുറച്ചുനിന്നതിന്റ പേരില്‍ നടപടി നേരിട്ട അന്നത്തെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ കോഴിക്കോട് കോര്‍പറേഷനിലെ ലീഗിന്റ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയാണ് . ലീഗിന്റ സിറ്റിങ് സീറ്റായ കുറ്റിച്ചിറയില്‍ നിന്നാണ് തെഹ്ലിയ ജനവിധി തേടുന്നത്.
ഹരിത ജനറല്‍ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറയാകട്ടെ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വലമ്പൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിയാണ്. ഭൂരിപക്ഷം കിട്ടിയാല്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയായി പരിഗണിക്കുന്നതും നജ്മയെ തന്നെയായിരിക്കും.
വയനാട് ജില്ലാ പഞ്ചായത്തിലെ തരുവണ ഡിവിഷനിലാണ് അന്നത്തെ പ്രസിഡന്റായിരുന്ന മുഫീദ തസ്നി ജനവിധി തേടുന്നത്.
പാര്‍ട്ടി നേതൃത്വം പോലും മനസിലാക്കുന്നില്ലല്ലോയെന്ന് സങ്കടപ്പെട്ടവര്‍ക്ക് ഒപ്പം ഇന്ന് പാര്‍ട്ടി ഒന്നാകെ കൂടെയുണ്ട്. അതുതന്നെയാണ് ഇവരുടെ ആത്മവിശ്വാസവും.