കോഴിക്കോട് കോർപ്പറേഷനിൽ വി.എം.വിനുവിന് പകരം കല്ലായി ഡിവിഷനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി മല്‍സരിക്കും. വിനുവും ജോയ് മാത്യുവും കോൺഗ്രസിന്റെ താര പ്രചാരകർ ആയിരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ വ്യക്തമാക്കി. വിനുവിന്റെ സ്ഥാനാർഥിത്വം പാളിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥിത്വം പാളിയതോടെയാണ് പാർട്ടിയുടെ പ്ലാൻ ബി. കല്ലായി ഡിവിഷനിലേക്ക് സംവിധായകൻ വി.എം.വിനുവിന് പകരം മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി മത്സരിക്കും. വിനുവിന് മുൻപ് കല്ലായിയിൽ കോൺഗ്രസ് നിശ്ചയിച്ചിരുന്നത് ബൈജുവിനെയായിരുന്നു.
ചലച്ചിത്ര താരം ജോയ് മാത്യുവും വി.എം.വിനുവും കോഴിക്കോട് കോൺഗ്രസിന്റെ താര പ്രചാരകരായി തുടരും. പാർട്ടിയുടെ താഴെ തട്ടിലുണ്ടായ വീഴചയാണ് വിനുവിന്റെ സ്ഥാനാർത്ഥിത്വം പാളിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രഖ്യാപനത്തിന് പിന്നാലെ ഡിസിസി ആസ്ഥാനത്തെത്തിയ ബൈജുവിനെ എം കെ രാഘവൻ എംപിയും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാരും സ്വീകരിച്ചു.
വിഎം വിനുവിന് വോട്ട് ഉണ്ടോ എന്ന് പരിശോധിക്കുന്നതിൽ വീഴ്ചവരുത്തിയ നിലവിലെ കൗൺസിലർ കെ പി രാജേഷ് കുമാറിൽ നിന്ന് ഡിസിസി നേതൃത്വം രാജിക്കത്ത് എഴുതി വാങ്ങി. വിവാദത്തിൽ ശ്രദ്ധക്കുറവ് ഉണ്ടായെന്നും കോഴിക്കോട് ഡിസിസി കെപിസിസിക്ക് വിശദീകരണം നൽകി.