അമിത് ഷായുടെ നിര്‍ദേശം വന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇനി പ്രചാരണം, രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും ഒന്നിച്ച്. തിരുവനന്തപുരത്തെ എന്‍.ഡി.എ യോഗത്തിന് ശേഷം എഴ് സ്ഥലങ്ങളില്‍ക്കൂടി രാജീവും തുഷാറും ഒന്നിച്ച് വേദിയിലെത്തും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഈ മാസം അവസാനം അമിത് ഷാ കേരളത്തിലെത്തും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയും ഇനി ഒരുമിച്ചെത്തുക ആലപ്പുഴയില്‍. തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടയങ്ങളിലും ഇരുവരും പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. എന്‍.ഡി.എയിലെ മുഖ്യ ഘടകക്ഷിയായ ബി.ഡി.ജെ.എസിനെ ഒപ്പംചേര്‍ത്തുകൊണ്ട് പരമാവധി കരുത്തുകാട്ടണമെന്നാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം.
കഴിഞ്ഞദിവസം രാജീവും തുഷാറും ഡല്‍ഹിയില്‍ അമിത് ഷായെ കണ്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇതേ ശൈലി നിയമസഭാ തിരഞ്ഞെടുപ്പിലും തുടരാനാണ് നിര്‍ദ്ദേശം. തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പടെ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. തിരുവനന്തപുരത്ത് ബിഡിജെഎസ് തനിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങളെത്തിയെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
ത്രിതല പഞ്ചായത്തുകളില്‍ ഉള്‍പ്പടെ എല്ലായിടത്തും ഇപ്പോള്‍ ബി.ഡി.ജെ.എസുമായി സീറ്റുപങ്കിടല്‍ പൂര്‍ത്തിയായി. തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പടെ ഭരണം നേടാന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചാകും തുടര്‍ദിവസങ്ങളിലെ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ അമിത് ഷാ ഈ മാസം അവസാനം സംസ്ഥാനത്ത് എത്തും.