ചികില്‍സാ അനാസ്ഥയില്‍ കൊല്ലം സ്വദേശി വേണു മരിച്ചെന്ന പരാതിയില്‍ വീട്ടില്‍ വന്ന് മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് ഭാര്യ സിന്ധു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണസംഘം ഇന്നലെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറുകയായിരുന്നു. ഭര്‍ത്താവിന്‍റെ പതിനാറ് ചടങ്ങ് കഴിയാതെ വീട്ടിനു പുറത്തിറങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ഭാര്യ സിന്ധുവിന്‍റെ പ്രതികരണം.
ഇന്നലെ 12 മണിക്ക് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ആദ്യം അറിയിച്ചത്. എന്നാല്‍ 12.15 നാണ് ഇന്നെത്തില്ലെന്നുള്ള സന്ദേശം അവര്‍ക്ക് കിട്ടിയത്. നാളെ മൊഴി രേഖപ്പെടുത്താമെന്നാണ് ഇപ്പോഴുള്ള അറിയിപ്പ്. എന്നാല്‍ വീട്ടിലെത്തില്ല, എവിടെ, എപ്പോള്‍ എത്തണമെന്നു പിന്നാലെ അറിയിക്കാമെന്നാണ് ഡിഎംഇ അറിയിച്ചത്. എന്നാല്‍ ഭര്‍ത്താവ് മരിച്ചത് 16 ചടങ്ങുകള്‍ കഴിയാതെ വീട്ടിനു പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്.
ചികില്‍സ കിട്ടുന്നില്ലെന്ന വേണുവിന്‍റെ ശബ്ദ സന്ദേശം തന്നെ തെളിവായി എടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സിന്ധു മനോരമ ന്യൂസിനോട് പറഞ്ഞു. അഞ്ചുദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിടന്നെങ്കിലും മതിയായ ചികില്‍സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം.