ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് നിയന്ത്രിച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെ 5000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിങ് അനുവദിക്കാവൂ എന്നാണ് നിർദേശം. അനിയന്ത്രിതമായ തിരക്കിന് കാരണം ഏകോപനം ഇല്ലായ്മയാണെന്ന് ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചു. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്നും, ശബരിമലയിൽ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് 20,000 ൽ നിന്നും അയ്യായിരമായി കുറച്ചത്. തിങ്കളാഴ്ച്ച വരെയാണ് നിയന്ത്രണം. ഇതോടെ ഒരു ദിവസം ദർശനം നടത്താൻ അനുവദിക്കപ്പെട്ടവരുടെ എണ്ണം 75,000 ആയി ചുരുങ്ങും.
അനിയന്ത്രിതമായ തിരക്കിന്റെ പേരിൽ കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നിങ്ങൾ പറയുന്നത് അല്ലാതെ ഒന്നും നടന്നില്ലല്ലോ എന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ ചോദ്യം. മണ്ഡല, മകരവിളക്ക് തീർഥാടനത്തിന്റെ ഒരുക്കങ്ങൾ ആറ് മാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നു. പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം.
തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ അഞ്ചോ ആറോ സെക്ടറുകളാക്കണം. ഓരോ സ്ഥലത്തും ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് തീരുമാനിക്കണം. തിരക്ക് നിയന്ത്രിക്കാനായി മാത്രം വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. കാര്യങ്ങള്‍ നിയന്ത്രണവിധേയമെന്നും, ആശങ്കാജനകമായ സാഹചര്യം സന്നിധാനത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.