തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്ണ സുരേഷിന് ആശ്വാസം. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന വൈഷ്ണയുടെ പേര് പട്ടികയിൽ തിരികെ ഉൾപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതോടെ വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലാതായി.
വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയ നടപടിക്കെതിരെ വൈഷ്ണ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയത്. പരാതിക്കാരനായ സി.പി.എം. നേതാവ് ധനേഷ് കുമാർ, സ്ഥാനാർഥി വൈഷ്ണ സുരേഷ് എന്നിവരെ വിളിച്ചുവരുത്തിയാണ് കമ്മീഷൻ വാദങ്ങൾ കേട്ടത്.
ഹിയറിങ്ങിന് ശേഷം വൈഷ്ണയുടെ പേര് മറ്റൊരു വോട്ടർ പട്ടികയിലും ഇല്ലാത്ത സാഹചര്യത്തിൽ, പേര് വെട്ടിയ നടപടി റദ്ദാക്കി പട്ടികയിൽ കൂട്ടിച്ചേർക്കാൻ കമ്മീഷൻ തീരുമാനമെടുക്കുകയായിരുന്നു. ഹൈക്കോടതി നാളെ കേസ് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് കമ്മീഷൻ അനുകൂലമായ തീരുമാനം എടുത്ത് ഉത്തരവിറക്കിയത്.
തന്റെ സ്ഥാനാർഥിത്വം തുലാസിലായിരുന്നപ്പോഴും തീരുമാനം അനുകൂലമാവുമെന്ന പ്രതീക്ഷയിൽ വൈഷ്ണ സുരേഷ് പ്രചാരണം തുടരുകയായിരുന്നു. നിലവിലെ കമ്മീഷൻ ഉത്തരവ് യു.ഡി.എഫിനും സ്ഥാനാർഥിക്കും വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഔദ്യോഗികമായി വോട്ടർ പട്ടികയിൽ പേര് വന്നതോടെ വൈഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.