തിരുവനന്തപുരം പെരിങ്ങമ്മല സഹകരണ ബാങ്ക് ക്രമക്കേടില്‍ ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന് തിരിച്ചടി. ബാങ്ക് ഭരണസമിതി അംഗമായിരുന്ന സുരേഷ് 43 ലക്ഷം അടയ്ക്കണമെന്ന് സഹകരണവകുപ്പ് ഉത്തരവിട്ടു. ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടമുണ്ടായ കേസിലാണ് നടപടി.
പെരിങ്ങമ്മല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ ഭരണസമിതി അംഗമായിരുന്ന സുരേഷ് 43.33 ലക്ഷം രൂപ പതിനെട്ടുശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പിന്‍റെ ഉത്തരവ്. സുരേഷ് ഉള്‍പ്പടെ സഹകരണ സംഘം ഭരണ സമിതിയിലെ അംഗങ്ങള്‍ വായ്പ എടുത്ത ഇനത്തില്‍ 4.15 കോടിരൂപ തിരിച്ചടയ്ക്കണമെന്നും ഉത്തരവ് വിശദമാക്കുന്നു. എന്നാല്‍ 2016 ജൂലൈ 26 ന് ഭരണസമിതിയില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും വായ്പയോ ചിട്ടിയോ എടുത്തിട്ടില്ലെന്നും വായ്പയ്ക്കുവേണ്ടിയുള്ള ശുപാര്‍ശപോലും ചെയ്തിട്ടില്ലെന്നുമാണ് സുരേഷ് പറയുന്നത്. സഹകരണ വകുപ്പിന്‍റെ റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ ഈ വര്‍ഷം ജനുവരി ആറിന് ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.