തിരുവനന്തപുരം തൈക്കാട് പത്തൊന്‍പതുകാരനെ കുത്തിക്കൊന്ന സംഭവം സംഘർഷത്തിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍ കരുതിക്കൂട്ടിയതാണ് കൊലപാതകമെന്നാണ് നിലവില്‍ പൊലീസ് പറയുന്നത്. നഗരത്തിൽ ഒരുമാസമായി തുടരുന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായുണ്ടായ സംഘർഷമാണ് കൊലയില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടാണ് തമ്പാനൂർ തോപ്പിൽ താമസിക്കുന്ന നെട്ടയം സ്വദേശി അലൻ കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം നടത്തിവരികയായിരുന്നു അലൻ. കഴിഞ്ഞ അവധിക്ക് മേയിലാണ് അലന്‍ നാട്ടിലെത്തിയത്. ജനുവരിയിൽ ഇതിന്റെ ഉന്നത പഠനത്തിനു പുണെയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. അലന്റെ സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ വാടക വീട്ടിലെ താമസം മതിയാക്കി ആന്‍ഡ്രിയയുടെ ഭർത്താവ് നിധിന്റെ വീട്ടിലാണ് അലൻ താമസിക്കുന്നത്. സഹോദരി മരിച്ചതോടെയാണ് അലൻ പഠനം ഉപേക്ഷിച്ച് മതപഠനത്തിന് ചേരുന്നതും. അലന്‍റെ പിതാവ് അപകടത്തിൽ മരിച്ചു. പിതാവിന്‍റെയും സഹോദരിയുടെയും മരണത്തോടെ അമ്മ മാത്രമാണ് അലന് ഉണ്ടായിരുന്നത്.

സുഹൃത്തുക്കൾക്കൊപ്പം അലൻ ഫുട്ബോൾ കാണാനും കളിക്കാന്‍ എത്തുമായിരുന്നു. ഇന്നലെയും അലനെ ഫുട്ബോൾ കളിക്കാൻ വിളിച്ചതായിരുന്നു സുഹൃത്തുക്കൾ. വിദ്യാർഥികൾ തമ്മിലുള്ള ഫുട്ബോൾ മല്‍സരത്തിലെ വിജയിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ആ തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്നവരെ ഇരുകൂട്ടരും വിളിച്ചുവരുത്തുകയായിരുന്നു. വിളിച്ചുവരുത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നു. ഇതാണ് അലന്‍റെ ജീവനെടുത്ത കൊലപാതകത്തിലേക്ക് നയിച്ചത്. തമ്പാനൂരിലെയും ജഗതിയിലെയും സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിൽ ജഗതിയിലെ സംഘത്തിൽപ്പെട്ട കാപ്പാ പട്ടികയിൽപ്പെട്ട ആൾ ഉൾപ്പെടെ നാലുപേർ കൺടോൺമെന്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ENGLISH SUMMARY:

Alan (19), a native of Nettayam residing in Thampanoor, Thiruvananthapuram, was stabbed to death yesterday evening in what police now believe was a premeditated murder stemming from a month-long dispute during a local football tournament. The argument between two groups (Thampanoor and Jagathy) escalated when seniors were called in to resolve a dispute over the match winner. Alan, who was pursuing religious studies in Maharashtra, was home on vacation. Police have taken four people, including a 'Kaapa' listed accused from the Jagathy group, into custody. The victim had recently faced personal tragedies, including the death of his sister and father.