തെക്കന്‍ കേരളത്തില്‍ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറില്‍  ആലപ്പുഴ, എറണാകുളം  ജില്ലകളില്‍‌ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം  പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം കോഴിക്കോട്, വയനാട്  ജില്ലകളിലും ശക്തമായ മഴകിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും ഉള്ള ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ശബരിമലയിലും പരക്കെ മഴക്ക് സാധ്യതയുണ്ട്. സന്നിധാനത്തും പമ്പയിലും നിലക്കലിലും മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. കന്യാകുമാരിക്ക് മുകളിലെ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത്  മഴ കനത്തത്. നേരത്തെ പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. 

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടല്‍, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ENGLISH SUMMARY:

Kerala rain alert: Heavy rainfall is expected in Southern Kerala, with an orange alert issued for Alappuzha and Ernakulam districts. A warning for isolated heavy rainfall and thunderstorms has also been issued for several other districts.