പാര്‍ട്ടി അച്ചടക്കനടപടി നേരിട്ട എ.വി.ജയനെ വയനാട് പൂതാടി പഞ്ചായത്തില്‍ കളത്തില്‍ ഇറക്കി സിപിഎം. ഇക്കുറി ഭരണം പിടിക്കാന്‍ ബിജെപി വലിയ ശ്രമം നടത്തുന്നതിനിടെ ആണ് വിഭാഗീയതയെല്ലാം മാറ്റിവച്ച് ജനകീയമുഖമായ എ.വി.ജയനെ സിപിഎം അവതരിപ്പിക്കുന്നത്.
കേണിച്ചിറ സിപിഎമ്മിലെ ജനകീയമുഖമായ എ.വി.ജയന്‍ രണ്ട് തവണയാണ് പാര്‍ട്ടിയുടെ തരംതാഴ്ത്തല്‍ നടപടി നേരിട്ടത്. ഇന്നിപ്പോള്‍ പൂതാടി പഞ്ചായത്ത് പിടിക്കാന്‍ അതേ എ.വി.ജയനെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പാര്‍ട്ടി രംഗത്തിറക്കുകയാണ്. പാര്‍ട്ടി ഫണ്ട് ക്രമക്കേടല്ല അച്ചടക്ക നടപടിക്ക് കാരണം എന്ന് നേതൃത്വത്തിന് തന്നെ വിശദീകരിക്കേണ്ടിവന്നിരുന്നു.
നിലവില്‍ മൂന്ന് സീറ്റുള്ള ബിജെപി എ–ക്ലാസ് പഞ്ചായത്തായി കരുതുന്ന പൂതാടിയില്‍ വിഭാഗീയത എല്ലാം മാറ്റിവച്ചാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ജയനെ സിപിഎം കളത്തില്‍ ഇറക്കുന്നത്.
കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റായ ജയന് താഴെതട്ടിലുള്ള സ്വാധീനം വളരെവലുതാണെന്ന് തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയുടെ ചുവടുമാറ്റം. യുഡിഎഫിന്‍റെ സിറ്റിങ് സീറ്റ് ജയിച്ച് യുഡിഎഫില്‍ നിന്ന് ഭരണം പിടിക്കാനുള്ള ദൗത്യം ഇക്കുറി ജയന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയാകും.