സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമായതോടെ അസാധാരണ സാഹചര്യം. തീര്‍ഥാടകര്‍ ബാരിക്കേഡ് ചാടിക്കടന്നു. പതിനെട്ടാംപടിയുടെ താഴെ ഗുരുതര സാഹചര്യം ഉണ്ടായതോടെ ദര്‍ശനസമയം രണ്ടു മണിവരെ നീട്ടിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ഗുരുതര സാഹചര്യത്തിന് അല്‍പം മുന്‍പ് അയവുവരുത്താനായി.
കേന്ദ്രസേന എത്താത്തതും തിരിച്ചടിയായി. തിരക്കില്‍പ്പെട്ട് തീര്‍ഥാടകര്‍ ക്ഷീണിതരായി. പലര്‍ക്കും വെള്ളം പോലും കിട്ടുന്നില്ല. മുന്നൊരുക്കങ്ങളിലെ അപാകതയല്ലെന്നും ക്രമാതീതമായി ആളുകള്‍ എത്തിയതാണ് പ്രശ്നമെന്നും എഡിജിപി എസ്.ശ്രീജിത്. ആവശ്യത്തിന് പൊലീസ് വിന്യാസമുണ്ടെന്നും ഭക്തര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുന്നൊരുക്കങ്ങളില്‍ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ അസാധാരണ തിരക്കാണ് . പരമാവധി പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ഇതിനായി പമ്പയിലെ സ്പോട് ബുക്കിങ്ങിന് പുറമെ നിലയ്ക്കലിലും സ്പോട് ബുക്കിങ് തുടങ്ങും. കുടിവെള്ളം, മാലിന്യം, വെളിച്ചം എന്നിവ പരിഹരിക്കുന്നതുള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.