തിരുവനന്തപുരം കോര്‍പ്പറേഷനിലെ വോട്ട് വെട്ടലിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയില്‍. സി.പി.എമ്മിന്‍റെ പരാതിയെ തുടര്‍ന്ന് നിയമവിരുദ്ധമായാണ് വോട്ട് വെട്ടിയതെന്ന് ആരോപണം. നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. വൈഷ്ണയ്ക്ക് മല്‍സരിക്കാനാകുമോയെന്ന് ഇന്ന് വൈകിട്ടോടെ വ്യക്തമായേക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. സി.പി.എം ശക്തികേന്ദ്രമായ മുട്ടട പിടിച്ചെടുക്കാന്‍ ഇറക്കിയ 24 കാരി വൈഷ്ണ സുരേഷിന് മല്‍സരിക്കാനാകുമോയെന്ന് നിശ്ചയിക്കുന്ന നിര്‍ണായക മണിക്കൂറുകളാണ് പുരോഗമിക്കുന്നത്. വോട്ടര്‍ പട്ടികയ്ക്കൊപ്പമുള്ള ടി.സി നമ്പര്‍ തെറ്റെന്ന് ആരോപിച്ച് സി.പി.എം നല്‍കിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്.
ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വൈഷ്ണ, നടപടി നിയമവിരുദ്ധമെന്ന് പരാതിപ്പെട്ടു. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുണ്ടായിരുന്നു. സി.പി.എം പരാതി നല്‍കിയപ്പോള്‍ സ്ഥിരതാമസക്കാരിയെന്നതിന്‍റെ രേഖകളെല്ലാം ഹാജരാക്കി. എന്നിട്ടും വോട്ട് ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ ഗൂഡാലോചനയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കും. അതേസമയം തന്നെ വോട്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്കും അപ്പീല്‍ നല്‍കി.
പരാതി സ്വീകരിക്കാന്‍ കലക്ടര്‍ മടിച്ചെന്നും ഇതിന് പിന്നില്‍ സി.പി.എം സമ്മര്‍ദമെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്്. രണ്ട് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ വൈഷ്ണ ഇപ്പോള്‍ തല്‍കാലത്തേക്ക് പ്രചാരണം നിര്‍ത്തി. കോടതിയുടെയും കലക്ടറുടെയും തീരുമാനം ഇന്നുണ്ടായേക്കും.