സ്വർണ്ണക്കൊള്ളയിൽ ശബരിമല ശ്രീകോവിലിലെ പരിശോധന പൂർത്തിയായി. സാംപിള്‍ ആയി ഇളക്കിയെടുത്ത സ്വർണ്ണപ്പാളികളിൽ വിശദപരിശോധന നടത്തും.അതേസമയം എഫ്ഐആർ അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടിട്ടുള്ള ഇ.ഡിയുടെ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കും
ഉച്ചപൂജ കഴിഞ്ഞതിന് പിന്നാലെയാണ് എസ് ഐടി സംഘം ശ്രീകോവിലിൽ പരിശോധന തുടങ്ങിയത്.ആറ് തൂണുകളുടെ ഭാഗത്തെ സ്വർണം പൂശിയ പാളി ഇളക്കിയെടുത്തു. ശ്രീകോവിൽ നട അടച്ച ശേഷം ദ്വാരപാലക ശിൽപ പീഠം ഇളക്കി. കട്ടിളപ്പാളിയുടെയും വാതിൽപ്പാളിയുടെയും ഭാഗങ്ങൾ ഇളക്കിയെടുത്തു. സ്വർണത്തിൻ്റെ ഗുണവും അളവും പരിശോധിക്കും. 1998 തൂണുകളിൽ അടക്കം പൊതിഞ്ഞ സ്വർണ്ണത്തിൻറെ അളവും നിലവാരവും പരിശോധിക്കും.
വിവാദമായ കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയിലെ ചെമ്പുപാളികളുടേയും സാമ്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തും. കട്ടിളപ്പാളിയോ ദ്വാരപാലക ശിൽപങ്ങളോ പഴയത് മാറി വച്ചോ എന്ന് കണ്ടെത്താനാണിത്. സന്നിധാനത്ത് എക്സിക്യൂട്ടിവ് ഓഫിസറുടെ മുറിയിലാണ് സന്നിധാനത്തെ പരിശോധനകൾ. അതേസമയം ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് സി.എസ്.ഡയസ് കൈമാറി. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ പരിഗണിക്കുന്നത് ദേവസ്വം ബെഞ്ചാണ്. സ്വർണ്ണക്കൊള്ളയിൽ പ്രഥമദൃഷ്ട്യ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇഡി വാദം.