ശരണമന്ത്രങ്ങൾ നിറയുന്ന വൃശ്ചിക പുലരിയിലേക്ക് എരുമേലി ഉണർന്നു. കാനനപാതയിലൂടെ ശബരിമലയിലേക്ക് തീർഥാടകരെ കടത്തിവിട്ടു തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരക്കിലമർന്ന് എരുമേലി. എല്ലായിടവും ശരണം വിളികളാൽ മുഖരിതമാണ്.
തീർഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ യാത്രയ്ക്കുമായി വിവിധ സേവനങ്ങളും എരുമേലിയിൽ ആരംഭിച്ചു. വലിയമ്പലത്തിന് മുൻപിലായി പൊലീസിൻ്റെ കൺട്രോൾറും തുടങ്ങി.
ക്യാംപിൽ നിന്നുള്ള പൊലീസുകാർക്ക് പുറമെ, സ്പെഷൽ പൊലീസിൻ്റെയും സേവനവും ഉണ്ട്. തീർഥാടന പാതയിൽ സുരക്ഷ ഒരുക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ സംവിധാനവും ആരംഭിച്ചു. ഏഴു വാഹനങ്ങളിലായാണ് സ്ക്വാഡുകൾ ഉണ്ടാവുക. എരുമേലി കണമല, എരുമേലി മുണ്ടക്കയം, എരുമേലി പൊൻകുന്നം, കണമല - അഴുത പാതകളിലാണ് സേഫ് സോൺ നിരീക്ഷണം.
വലിയമ്പലത്തിന് മുൻപിലുള്ള മൈതാനത്ത് ഫയർഫോഴ്സ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. 35 ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതു കൂടാതെ കാളകെട്ടിയിൽ പതിനാലു പേരും മൂന്ന് വാഹനങ്ങളും അടങ്ങുന്ന മറ്റൊരു താല്ക്കാലിക യൂണിറ്റും പ്രവർത്തിക്കും.