തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ സപ്ലിമെന്‍ററി വോട്ടര്‍പ്പട്ടികയെക്കുറിച്ച് വ്യാപക ആക്ഷേപം. സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവായതാണ് കാരണം. പലയിടത്തും വോട്ടര്‍മാരുടെ പേരുമില്ല. 14ന് പട്ടിക പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഓണ്‍ലൈനായി ലഭിച്ച പേര് നീക്കലുകളും തിരുത്തലുകളും കൃത്യമാകാതെ വന്നതോടെ അനുമതി വൈകി. തദ്ദേശ സ്ഥാപന സെക്രട്ടറിമാറുടെ ചുമതലയിലാണ് പട്ടിക തയ്യാറാക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് പിഴവുവരുത്തിയതെന്ന് കമ്മിഷനും തിരിച്ചാണെന്ന് സെക്രട്ടറിമാരും ആരോപിക്കുന്നു. പട്ടികയില്‍ പേരില്ലാത്ത സ്ഥാനാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കി. ഉദാഹരണത്തിന് തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായി ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ ഏറ്റവും പ്രായകുറഞ്ഞ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലായി. അതേസമയം, അപ്പീല്‍ പോകുമെന്ന് ശശി തരൂര്‍ എം.പി. അറിയിച്ചിട്ടുണ്ട്.
കണ്ണൂരിൽ ആന്തൂർ നഗരസഭയിലെ ആറാം വാർഡ് സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കി. വിദേശത്തെ ജോലി ഉപേക്ഷിച്ച് മൂന്നുവർഷം മുമ്പ് മടങ്ങി വന്ന ജബ്ബാർ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ചേർത്തിരുന്നില്ല. പ്രചാരണം തുടങ്ങിയ ശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് മനസിലായത്. തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റി. പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങുന്നതിൽ വീഴ്ചയെന്നും, അതിനാലാണ് സ്ഥാനാർഥിയെ മാറ്റേണ്ടി വന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം സപ്ലിമെന്‍ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തുവെന്ന പരാതിയുണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.