മണ്ഡലകാല പൂജകൾക്കായി ശബരിമല നട വൈകിട്ട് അഞ്ചിന് തുറക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്നിന് നട തുറക്കും. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. നട തുറന്നതിനു ശേഷം പുതിയ മേൽശാന്തിയുടെ അഭിഷേകവും നടക്കും. പഴയ മേൽശാന്തിയാകും പുതിയ മേൽശാന്തിയെ സ്വീകരിക്കുക. ചാലക്കുടി സ്വദേശി ഇ ഡി പ്രസാദാണ് പുതിയമേൽശാന്തി. കലശത്തിലെ ജലം ശിരസിലൂടെ അഭിഷേകം ചെയ്തതിനുശേഷം അയ്യപ്പൻറെ മൂലമന്ത്രം ഉപദേശിച്ച് തന്ത്രി പുതിയ മേൽശാന്തിയെ ശ്രീകോവിലിലേക്ക് ആനയിക്കും. സമാനമായ രീതിയിൽ ആകും മാളികപ്പുറത്തും ചടങ്ങുകൾ.
പുതിയ മേൽശാന്തിമാർ ചുമതല ഏൽക്കുന്നതോടെ പുറപ്പെടാ ശാന്തികൾ ആയിരുന്ന പഴയ കാർമികർ മലയിറങ്ങും . വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാകും ആകും നടതുറക്കുക.ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലും പമ്പയിലും തീർത്ഥാടകര്‍ക്കു വിശ്രമിക്കാനായി ജർമ്മൻ പന്തൽ നിർമ്മിച്ചിട്ടുണ്ട്. പമ്പയിലെ 10 നടപ്പന്തലുകളിലും തീർത്ഥാടകർക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാം. സന്നിധാനത്തും പന്തലുകൾ ഒരുക്കിയിട്ടുണ്ട്.