വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട കേസിൽ കുറ്റകൃത്യം പോലീസ് പുനരാവിഷ്കരിക്കുന്നു

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട കേസിൽ കുറ്റകൃത്യം പുനരാവിഷ്കരിച്ച് പോലീസ്. പ്രതി സുരേഷ് കുമാറിനെ കേരള എക്സ്പ്രസ് ട്രെയിനിൽ എത്തിച്ചാണ് പുനരാവിഷ്കരിച്ചത്. പെൺകുട്ടികളെ എങ്ങനെയാണ് താൻ ആക്രമിച്ചത് എന്ന് പ്രതി പോലീസിന് കാണിച്ച് കൊടുത്തു. കേരള എക്സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട സമയത്ത് ആയിരുന്നു തെളിവെടുപ്പ്. 

ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇതിനിടെ ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും, പ്രതി സുരേഷിനെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ടിട്ട ആളെ  പൊലീസ് കണ്ടെത്തി. ബിഹാർ സ്വദേശിയായ ഇയാളെ മുഖ്യ സാക്ഷിയാക്കും.  ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സിസിടിവി വഴിയാണ്  തിരിച്ചറിഞ്ഞത് എന്നാണ് വിവരം. ചുവന്ന ഷര്‍ട്ട്ധാരിയാണ് രക്ഷപ്പെടുത്തിയതെന്ന് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. അന്ന് മുതല്‍ പൊലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. 

മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിലാണു സംഭവം.  സംഭവത്തിൽ പാറശാലയ്ക്കു സമീപം പനച്ചമൂട് വടക്കുംകര സുരേഷ്കുമാറിനെ (48) പിടികൂടി. 

ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ സുരേഷ്കുമാർ ജനറൽ കംപാർട്മെന്റിൽ കയറി. സുരേഷ്കുമാർ മദ്യലഹരിയിൽ പെരുമാറിയത് ശ്രീക്കുട്ടിയും കരമന സ്വദേശിനി അർച്ചനയും ചോദ്യം ചെയ്തു. ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ട്രെയിൻ വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിൽ അയന്തി പാലത്തിനു സമീപം എത്തിയപ്പോൾ, പ്രകോപിതനായ സുരേഷ്കുമാർ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അർച്ചനയെയും ഇയാൾ ചവിട്ടി വീഴ്ത്തിയെങ്കിലും ചവിട്ടുപടിയിൽ പിടിച്ചുകിടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് അർച്ചനയെ രക്ഷിച്ചത്. യാത്രക്കാർ അറിയിച്ചത് അനുസരിച്ച് ട്രാക്കിനു പുറത്തേക്കു വീണ പെണ്‍കുട്ടിയെ റെയിൽവേ പൊലീസ് എത്തി തിരുവനന്തപുരം–കൊല്ലം മെമു ട്രെയിനിൽ വർക്കലയിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

ENGLISH SUMMARY:

Train assault in Kerala is a serious incident. The Kerala police are investigating the train assault case where a young woman was pushed from a moving train and a man in a red shirt apprehended the attacker.