സീറ്റ് നിഷേധിച്ചെന്ന കാരണത്താല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ.തമ്പി ബി.ജെ.പിക്കാരനല്ല, ശിവസേന പ്രവര്‍ത്തകനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. സ്ഥാനാര്‍ഥി പട്ടികയില്‍ ആനന്ദിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു.
വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആത്മഹത്യയുടെ കാരണമെന്ന അധിക്ഷേപവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനും രംഗത്തെത്തി. എന്നാൽ സാധാരണ പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുന്നവരായി ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വം മാറിയെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും ബി.ജെ.പിയുടെ വഴിപിഴച്ച പോക്കിൽ പ്രവർത്തകർ നിരാശരെന്ന് കെ. മുരളീധരനും മനോരമ ന്യൂസിനോട് പ്രതികരിച്ചു.
പതിനാറാം വയസില്‍ തുടങ്ങി മരിക്കുന്നതിന്‍റെ തലേന്ന് വരെയും നീണ്ട ആര്‍എസ്എസ്, ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ ആനന്ദ് തെളിവ് സഹിതം വിശദീകരിക്കുന്നുണ്ടെങ്കിലും നേതാക്കള്‍ അംഗീകരിക്കുന്നില്ല. ആനന്ദ് ശിവസേനയില്‍ അംഗത്വമെടുത്തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറയുമ്പോൾ ആനന്ദ് ബി.ജെ.പി പ്രവര്‍ത്തകനല്ല. സ്ഥാനാര്‍ഥി പട്ടികയിലുമുണ്ടായിരുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് പറയുന്നു. കൗണ്‍സിലര്‍ തിരുമല അനിലിന്‍റെ ആത്മഹത്യ ബി.ജെ.പി നേതൃത്വത്തിനുണ്ടാക്കിയ ആഘാതം വിട്ടൊഴിയും മുന്‍പാണ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്ന മട്ടില്‍ ആനന്ദിന്‍റെ ആത്മഹത്യയും ചര്‍ച്ചയാവുന്നത്.