ആർഎസ്എസിനെയും ബിജെപിയേയും കൂടുതൽ കുരുക്കിലാക്കി ഇന്നലെ ജീവനൊടുക്കിയ ആനന്ദ് കെ.തമ്പിയുടെ ഫോൺ സംഭാഷണം പുറത്ത്. പാർട്ടിക്കു വേണ്ടി ശരീരവും മനസും നല്‍കിയിട്ടും വഞ്ചിക്കപ്പെട്ടെന്ന് മരണത്തിന് മുമ്പ് സുഹൃത്തിനോട് നടത്തുന്ന സംഭാഷണത്തിൽ ആനന്ദ് വെളിപ്പെടുത്തുന്നു. സ്ഥാനാർഥിയായി പരിഗണിച്ചിട്ട് തഴഞ്ഞെന്നും മനോവിഷമത്തിലായിരുന്നുവെന്നും ബന്ധു വിമൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
രണ്ട് ദിവസം മുമ്പ് ഉറ്റ സുഹൃത്തിനോട് ആനന്ദ് നടത്തിയ സംഭാഷണത്തിലാണ് ആർഎസ്എസും ബിജെപിയും തന്നോട് അനീതി കാട്ടിയെന്ന് വെളിപ്പെടുത്തുന്നത്. വിമതനായി മത്സരിക്കാൻ തീരുമാനിച്ചതോടെ കടുത്ത സമ്മർദ്ദമുണ്ടെന്നും ആനന്ദ് വെളിപ്പെടുത്തുന്നു. തൃക്കണ്ണാപുരത്തെ ബിജെ പി ഏരിയ പ്രസിഡൻ്റ് ഉദയകുമാർ , നിയോജകമണ്ഡലം കമ്മിറ്റി മെംബർ കൃഷ്ണകുമാർ , ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവർ മണ്ണ് മാഫിയാണെന്നും അവർക്ക് ഒത്താശ പാടുന്ന സ്ഥാനാർഥിയെ തൃക്കണ്ണാപുരത്ത് നിർത്തിയെന്നും വ്യക്തമാക്കുന്ന ആനന്ദിൻ്റെ മരണമൊഴി കുറിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് നിർണായക ഓഡിയോ സംഭാഷണം കൂടി പ്രചരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകനായി ജീവിച്ചതുകൊണ്ടാണ് ജീവനൊടുക്കേണ്ട അവസ്ഥയിലേക്ക് എത്തിയതെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
തൻറെ ശരീരം എവിടെ കുഴിച്ചിട്ടാലും കുഴപ്പമില്ലെന്നും ആർഎസ്എസ് ബിജെപി പ്രവർത്തകരെ കാണിക്കരുതെന്നും കുറുപ്പിലുണ്ട്. ആനന്ദിനെ തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്നും തഴഞ്ഞതിൽ ആനന്ദ് വലിയ മനോ വിഷമത്തിലായിരുന്നുവെന്നും ബന്ധു വിമലും മൊഴി നൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആനന്ദ് കെ തമ്പിയുടെ വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിൽ ആക്കുകയാണ്.
ജില്ലാ നേതാവും കൗൺസിലറും ആയിരുന്ന തിരുമല അനിൽ ജീവിതമവസാനിപ്പിച്ചിട്ട് രണ്ടുമാസം ആകുന്നതേയുള്ളൂ. തമ്പാനൂരിലെ ലോഡ്ജിൽ അനന്ദു അജിയെന്ന ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കിയതിലും വിവാദം തുടരുന്നതിനിടെയാണ് ആനന്ദും ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. ഒരു വശത്ത് തലസ്ഥാന കോർപ്പറേഷന്റെ ഭരണം പിടിക്കാൻ പോലും ശക്തമായ വിധത്തിൽ പാർട്ടി മുന്നേറുമ്പോഴാണ് മറുവശത്ത് തുടർച്ചയായ വിവാദങ്ങൾ നേതൃത്വത്തെ കുരുക്കിലാക്കുന്നത്.