കണ്ണൂർ പാലത്തായി പീഡന കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ  കുനിയിൽ പത്മരാജന് ജീവപര്യന്തം. പോക്സോ ആക്ട് പ്രകാരം ആദ്യം 40 വര്‍ഷം തടവ് അനുഭവിക്കണം. രണ്ടുലക്ഷം രൂപ പിഴയും നല്‍കണം. ആഹ്ലാദകരമായ വിധിയെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. 

 പത്മരാജന്‍ കുറ്റക്കാരനെന്ന്  തലശ്ശേരി പോക്സോ കോടതി ഇന്നലെയാണ് വിധിച്ചത്. ബലാത്സംഗം, പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരിയിലാണ് 10 വയസ്സുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി ഉയർന്നത്. ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായ കേസ് ആയിരുന്നു പാലത്തായി പീഡനം. അവസാനം കേസ് അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്നകുമാർ അന്വേഷണം അട്ടിമറിച്ചു എന്നും വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നുമാണ് പ്രതിഭാഗം പറയുന്നത്. ശിക്ഷാവിധിയുടെ പകർപ്പ് ലഭിച്ചശേഷം മേൽക്കോടതിയെ സമീപിക്കാനാണ് തീരുമാനം

ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന്‌ തവണ പത്മരാജൻ പെണ്‍കുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ്‌ ലൈനിനാണ്‌ ആദ്യം ലഭിച്ചത്‌. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ്‌ 2020 മാർച്ച്‌ 17ന് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിൽ നിന്ന്‌ ഏപ്രിൽ 15ന്‌ പ്രതിയെ അറസ്‌റ്റുചെയ്‌തു. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന്‌ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി. പ്രതിക്ക്‌ ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇ‍ൗ ഘട്ടത്തിലാണ്‌ നർകോട്ടിക്‌ സെൽ എഎസ്‌പി രേഷ്‌മ രമേഷ്‌ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചത്‌.

ഇടക്കാല കുറ്റപത്രത്തിൽ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയത് വിവാദമായിരുന്നു. 2024 ഫെബ്രുവരി 23നാണ്‌ കേസിന്റെ വിചാരണ ആരംഭിച്ചത്‌. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല്‌ അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. സ്വകാര്യഭാഗത്ത്‌ മുറിവുണ്ടായതിന്റെയും തുടർന്ന്‌ ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കി.  പ്രോസിക്യൂഷനുവേണ്ടി പി.എം. ഭാസുരിയും പ്രതിഭാഗത്തിന് വേണ്ടി പി. പ്രേമരാജനും ഹാജരായി.

ENGLISH SUMMARY:

Palathai case verdict: BJP leader Padmarajan has been sentenced to life imprisonment in the Palathai rape case. The court found him guilty of rape and offenses under the POCSO Act for the abuse of a minor girl.