ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. രാസ കുങ്കുമത്തിന് വിലക്ക് ഏർപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തേണ്ടതില്ലെന്നും കോടതി അറിയിച്ചു. കുത്തകപ്പാട്ടക്കാരിൽ ഒരാൾ നൽകിയ ഉപഹർജി ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.

ലക്ഷങ്ങൾ മുടക്കിയാണ് സ്റ്റാളുകൾ എടുത്തതെന്നും, മുൻകൂറായി വലിയ തുക നൽകി കുങ്കുമത്തിന് ഓർഡർ നൽകിയിട്ടുണ്ടെന്നും, അതിനാൽ വിലക്ക് ഏർപ്പെടുത്തുന്നത് വലിയ നഷ്ടത്തിന് ഇടയാക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ശബരിമലയിലെ പരിസ്ഥിതിയും ഭക്തരുടെ ആരോഗ്യവുമാണ് കോടതിക്ക് പ്രധാനമെന്നും, മൊത്തക്കച്ചവടക്കാരും ഉൽപാദകരും വിതരണം ചെയ്യുന്ന കുങ്കുമത്തിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും, ഇതിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു.

പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. സന്നിധാനത്തും എരുമേലിയിലും പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ചെറിയ പ്ലാസ്റ്റിക് കൂടുകളിലുള്ള ഷാംപൂവിനും രാസ കുങ്കുമത്തിനും ശബരിമലയിലും പരിസരത്തും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇത് കോടതി ശരിവച്ചു.