നാട്ടുകാരെ മുഴുവൻ ഉപദേശിച്ച് നന്നാക്കുന്ന ഇൻഫ്ലുവൻസർമാരായ ദമ്പതികൾ തമ്മിലുണ്ടായ തമ്മിലടിയാണ് സോഷ്യൽ മീഡിയയിലെവിടെയും ചർച്ചാവിഷയം. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും തമ്മിലുള്ള കുടുംബ പ്രശ്നം അടിപിടിയിലെത്തിയതോടെ, ഭാര്യ എങ്ങനെയുള്ളവളായിരിക്കണം എന്ന ജീജി മാരിയോയുടെ പഴയൊരു പ്രസംഗം സമൂഹമാധ്യമങ്ങളിലാകെ ട്രോളായി പ്രചരിക്കുകയാണ്. ക്രൂരമായി മർദിച്ചെന്ന ജീജിയുടെ പരാതിയിൽ മാരിയോ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇരുവരുടെയും പഴയ പ്രസംഗങ്ങളാകെ കുത്തിപ്പൊക്കുന്ന തിരക്കിലാണിപ്പോൾ ട്രോളന്മാർ.
താലി കെട്ടിയ ഭർത്താവിനെ എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്ന് സ്ത്രീകളെ ഉപദേശിക്കുന്ന ജീജി മാരിയോയുടെ റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്. അതിൽ ജീജിയുടെ ഉപദേശം ഇപ്രകാരമാണ്. പെണ്ണുങ്ങളേ.. ഒരു ദിവസം എത്ര പ്രാവശ്യം നിങ്ങൾ ഭർത്താവിനെ കെട്ടിപ്പിടിക്കുന്നുണ്ട്, എത്ര പ്രാവശ്യം ഭർത്താവിന് മുത്തം കൊടുക്കുന്നുണ്ട്, ഇന്ന് രാവിലെ ഭർത്താവിനെ നോക്കി പുഞ്ചിരിച്ചിട്ടാണോ വീട്ടിൽ നിന്നിറങ്ങിയേ, ഭർത്താവിനെ നോക്കി ചിരിച്ചിട്ട് എത്ര നാളായി, ഭർത്താവിന്റെ നെറ്റിയിലെ മുടിയിൽ നര കയറിയത് നിങ്ങൾ ശ്രദ്ധിക്കാറെങ്കിലുമുണ്ടോ, ഭർത്താവിന്റെ കണ്ണുകളിലെ പാടുകളെങ്ങനെ വന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഒരു മിനിട്ടെങ്കിലും ഭർത്താവിന്റെ മുഖത്ത് നോക്കി ഇരുന്നിട്ടുണ്ടോ, ഇതൊന്നുമില്ലെങ്കിൽ പിന്നെ കെട്ടാൻ പോയതെന്തിനാ, ഭർത്താവിന്റെ ഹൃദയം വേദനിപ്പിച്ചിട്ട് ഇവിടെ വന്നിരുന്നിട്ട് ഒരു കാര്യവുമില്ല. - ഇതാണ് പ്രസംഗത്തിലെ പ്രസക്ത ഭാഗം.
‘റീൽസിൽ കാണുന്ന കളിയും ചിരിയുമല്ല ജീവിതം, ഇതിൽ എത്ര പേർ ഭാര്യയുടെ തലക്ക് set up box കൊണ്ട് അടിച്ചിട്ടുണ്ട്, ഇവരൊക്കെ ജോലിക്ക് പോവാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന യൂദാസുമാരാണ്, പാവം ചേച്ചി... തലയിൽ കിട്ടിയ ഒരു മുത്തത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന കേട്ടത് ‘ എന്നിങ്ങനെയാണ് കമൻ്റുകൾ.
ഇരുവരും 9 മാസമായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു. ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000 രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ജിജിയുടെ തലയ്ക്ക് സെറ്റ്-ടോപ്പ് ബോക്സ് കൊണ്ട് അടിച്ചെന്നാണ് പരാതി.