ഇടുക്കി ബൈസൺവാലിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാർത്ഥിക്ക് പട്ടി കടിയേറ്റു. ബൈസൺവാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി വിജുവിനാണ് കടിയേറ്റത്. രാവിലെ പ്രവർത്തകർക്കൊപ്പം പ്രചരണത്തിന് വീടുകൾ കയറുന്നതിനിടെയാണ് വളർത്ത് നായ ആക്രമിച്ചത്.
രാവിലെ പ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ട് ചോദിക്കുന്നതിനിടെയായിരുന്നു ആക്രമണം. വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കൂട്ടിന് പുറത്തുകൂടി നടക്കുകയായിരുന്നു. വോട്ടു തേടിയെത്തിയ പ്രവര്‍ത്തകരെ കണ്ടതോടെ നായ ഓടി കടിക്കുകയായിരുന്നു. പ്രവര്‍ത്തകരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും ജാന്‍സിക്ക് കടിയേല്‍ക്കുകയായിരുന്നു.
കാലിന് പരുക്കേറ്റ ജാൻസി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല. വൈകിട്ടോടുകൂടി വീണ്ടും പ്രചരണത്തിന് ഇറങ്ങുമെന്നാണ് ജാൻസി പറയുന്നത്.