തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് യുവതി മരിച്ച കേസിൽ  അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്ന്  അല്ലെന്ന് പ്രാഥമിക നിഗമനം. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലും ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷ നൽകുന്ന  ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മരിച്ച കരിക്കകം സ്വദേശിനി ശിവപ്രയുടെ ബന്ധുക്കളുടെയും ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തി. 

 സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നാലംഗ സമിതി ഭർത്താവ് എം.മനുവിന്റെയും എസ്എടി, മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാരുടെയും മൊഴി രേഖപ്പെടുത്തി. കൃത്യമായ ചികിത്സ നൽകിയെന്നും എസ്എടിയിൽ വച്ചല്ല  അണുബാധ ഉണ്ടായതെന്നുമാണ് ഡോക്ടർമാരുടെ നിലപാട്. മനുവിനൊപ്പം ശിവപ്രിയയുടെ സഹോദരൻ ജെ.ആർ.ശിവപ്രസാദ്, ബന്ധു ആർ.അനന്തു എന്നിവരാണു ഹാജരായത്.

ഗുരുതരമായ ചികിത്സപ്പിഴവു സംഭവിച്ചെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും മനു ആവശ്യപ്പെട്ടു.  കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കഴിഞ്ഞ 2 ദിവസം കൊണ്ടാണ് അണുബാധ ഉണ്ടായതെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്നു മനുവും ബന്ധുക്കളും അറിയിച്ചു. പ്രസവത്തിനും പിന്നീടും ശിവപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വാർഡിലും ഐസിയുവിലും ജോലി ചെയ്തിരുന്ന നഴ്സുമാരെയും നഴ്സിങ് അസിസ്റ്റന്റുമാരെയും സമിതി വിളിച്ചു വരുത്തി.

ENGLISH SUMMARY:

SAT Hospital death case: Preliminary investigations suggest the infection that led to the death of a woman after childbirth at SAT Hospital, Thiruvananthapuram, was not contracted within the hospital premises. Further investigations are underway to determine the source of the infection.