രാജേഷിന്റെ വേർപാടിൽ വിറങ്ങലിച്ച് പള്ളിപ്പാട് ദേശം. ഏറെ വൈകിയാലും രാത്രി വീട്ടിലെത്തുന്ന രാജേഷിനെ കാത്തിരുന്ന വീട്ടുകാർക്ക് സങ്കട വാർത്തയാണ് രാവിലെ കേൾക്കാനായത്. രാത്രി 10 മണിയോടെ മകനെ ഫോണിൽ വിളിച്ചതാണെന്ന് രാജേഷിന്റെ അച്ഛൻ രാജപ്പൻ പറഞ്ഞു.
അതിരാവിലെ ദുഃഖ വാർത്ത കേട്ടാണ് പള്ളിപ്പാട്ടുകാർ ഉണർന്നത്. മുട്ടയെടുക്കാൻ തമിഴ്നാട് അംബാസമുദ്രത്തിലേക്ക് ചൊവ്വാഴ്ച വീട്ടിൽ നിന്ന് പോയതാണ് രാജേഷ്. യാത്രയ്ക്കിടെ പലപ്രാവശ്യം വീട്ടുകാർ ഫോണിൽ വിളിച്ച് സംസാരിച്ചു. ഏറ്റവും ഒടുവിൽ രാത്രി പത്തുമണിയോടെ ഫോണിൽ വിളിച്ച് സംസാരിച്ചതായും അന്നേരം അങ്കമാലി എത്തിയെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ അച്ഛൻ രാജപ്പൻ പറഞ്ഞു.
പിന്നീട് രാത്രി പതിനൊന്നിന് വിളിച്ചപ്പോൾ കിട്ടിയില്ല. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയും ഏതുസമയത്തും എല്ലാവർക്കും വേണ്ടിയും രാജേഷ് ഉണ്ടായിരുന്നതായും അച്ഛൻ വിതുമ്പലോടെ ഓർക്കുന്നു. രാവും പകലുമില്ലാതെ കുടുംബത്തിനുവേണ്ടി അധ്വാനിക്കുകയായിരുന്നു രാജേഷ്.
സ്വന്തമായി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. കൂടാതെ പിക്കപ്പ് വാൻ ഉൾപ്പെടെ ഓടിക്കാൻ പോകും. വാർക്കപ്പണിയും ചെയ്യും. ആറുവർഷം മുൻപാണ് വീട് വച്ചത്. മക്കളുടെ പഠനത്തിന് വേണ്ടിയായിരുന്നു രാജേഷിന്റെ കഷ്ടപ്പാട്.
രാജേഷിന്റെ വാഹനത്തിനു മുൻപിലാണ് താൻ വാഹനം ഓടിച്ചു വന്നതെന്നും ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ വെൽഡിങ് ചെയ്യുമ്പോൾ തീപ്പൊരി വാഹനത്തിൻ്റെ മുകളിൽ വീണതായും രാജേഷിന്റെ സുഹൃത്തും പള്ളിപ്പാട് സ്വദേശിയുമായ ഷാജി പറയുന്നു. എരമല്ലൂരിൽ വാഹനങ്ങൾ നിയന്ത്രിക്കാനോ വഴി തിരിച്ചുവിടാനോ ആരും ഉണ്ടായിരുന്നില്ല.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് രാജേഷിന്റേത്. ഭാര്യ ഷൈലജ. എംഎസ്എം കോളജിൽ പഠിക്കുന്ന വിഷ്ണുവും പ്ലസ് വണ്ണിന് പഠിക്കുന്ന കൃഷ്ണവേണിയും മക്കളാണ്. കുടുംബത്തിന്റെ അത്താണിയാണ് വിട പറഞ്ഞത്.