മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് ജനം. ശമ്പള പരിഷ്കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചതോടെ നൂറുകണക്കിന് രോഗികൾക്ക് വിദഗ്ധ ഡോക്ടര്‍മാരെ കാണാനാകാതെ മടങ്ങേണ്ടി വന്നു. അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റി.
കാലൊടിഞ്ഞും കയ്യൊടിഞ്ഞുമൊക്കെ മെഡിക്കൽ കോളജുകളിലേക്ക് എത്തിയവർ ദൂര പ്രദേശങ്ങളിൽ നിന്ന് പോലും ചികിൽസയ്ക്ക് വന്നവർ സ്പെഷലിസ്റ്റ് ഡോക്ടർമാർ സമരം ആണെന്ന് അറിഞ്ഞതോടെ പലരും മടങ്ങി. മറ്റു ചിലർ ജൂനിയർ ഡോക്ടർമാരെ കണ്ടു താൽക്കാലിക ആശ്വാസം നേടി. കെജിഎം സി ടി എ യുടെ നേതൃത്വത്തിൽ എല്ലാ മെഡിക്കൽ കോളജുകളിലും ഒപി ബഹിഷ്കരിച്ചു.
പി ജി ഡോക്ടർമാരെ വച്ചാണ് മെഡിക്കൽ കോളജുകൾ പ്രവർത്തിക്കുന്നത്. നൂറുകണക്കിന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. അത്യാഹിത വിഭാഗത്തെയും ലേബർ റൂം , ഐസിയു എന്നിവയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ, ക്ലാസുകളും ബഹിഷ്കരിച്ചു. എൻട്രി കേഡർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് PSC നിയമനങ്ങൾ ഊർജിതപ്പെടുത്തുക, ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, സ്ഥിരം നിയമനങ്ങൾ നടത്തുക, മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നവംബർ 21, 29 തീയതികളിലും ഡോക്ടർമാർ ഒ പി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.