2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി പാഴായി. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്തതിൽ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിൽ ആഭ്യന്തര സെക്രട്ടറി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2020 മുതൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെങ്കിലും, പണം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതൊന്നും നടന്നിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് വിമർശനങ്ങൾ. തട്ടിപ്പുനടത്തിയവരുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയാൽ മാത്രം നടപടികൾ അവസാനിക്കില്ല. കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിന് ബഡ്‌സ് നിയമപ്രകാരം 30 മുതൽ 60 ദിവസത്തിനുള്ളിൽ പ്രത്യേക കോടതിയിൽ അപേക്ഷ നൽകണം. എന്നാൽ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള ബഡ്സ് അതോറിറ്റി ഇതിൽ പരാജയപ്പെട്ടതിനാൽ കണ്ടുകെട്ടൽ നടപടികൾ പാഴായി. കോടതിയുടെ തുടർച്ചയായ ഉത്തരവുകളോടും, നിയമപരമായ ഉത്തരവാദിത്തങ്ങളോടും ബഡ്സ് അതോറിറ്റി അലംഭാവവും നിസ്സംഗതയും പുലർത്തുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. തുടർന്നാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ ഈ മാസം 19ന് വിർച്ച്വലി ഹാജരായി വിശദീകരണം നൽകാൻ ബഡ്സ് അതോറിറ്റിയായ ആഭ്യന്തര സെക്രട്ടറിയോട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കണ്ടുകെട്ടൽ സ്ഥിരപ്പെടുത്തുന്നതിന് പ്രത്യേക കോടതിയിൽ അപേക്ഷ നൽകേണ്ട സമയപരിധി ചൊവ്വാഴ്ച്ചയാണ് അവസാനിച്ചത്. എന്നാൽ കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്ന് മാത്രമേ നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടുള്ളൂ എന്നാണ് സർക്കാർ അറിയിച്ചത്. ഇതാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിൻ്റെ അതൃപ്തിക്ക് കാരണമായത്. 30,000 ഓളം നിക്ഷേപകരിൽ നിന്നായി 2000 കോടിയോളം രൂപ തട്ടിച്ച കേസാണിതെന്നും, ഗുരുതരമായ നിഷ്ക്രിയത്വം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.