കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. തൊടുപുഴ, ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണങ്ങള്‍ക്കായി ഭൂമി വാങ്ങിയതിലെ ക്രമക്കേടിൽ KCA ക്കെതിരായ വിജിലന്‍സ് അന്വേഷണം തുടരാം. കെസിഎ മുൻ അധ്യക്ഷൻ ടി.സി.മാത്യു അടക്കമുള്ളവർക്കെതിരെ അന്വേഷണം തുടരാം എന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്
കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികള്‍ പൊതുസേവകര്‍ എന്ന നിര്‍വചനത്തില്‍ വരുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഇടക്കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ സ്റ്റേഡിയം നിർമാണത്തിനായി ഭൂമി വാങ്ങിയതിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നായിരുന്നു കെസിഎ ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ കെസിഎ ഭാരവാഹികൾക്കെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്
ഇടക്കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതില്‍ കെസിഎ 26.62 കോടി രൂപയ്ക്ക് 23.95 ഏക്കർ സ്ഥലം വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണമുയർന്നത്. ഇതോടൊപ്പം ഇടുക്കി മണക്കാട് സ്റ്റേഡിയത്തിനായി പത്തര ഏക്കർ സ്ഥലം വാങ്ങിയതിലും, അനധികൃതമായി നിലം നികത്തിയതിലുമാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. അന്നത്തെ കെസിഎ അധ്യക്ഷൻ ടി.സി.മാത്യുവടക്കം 18 പേരായിരുന്നു പ്രതികൾ. ഇതിനെതിരെ കെസിഎ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെസിഎ ഭാരവാഹികൾ പൊതുസേവകരുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഈ ഉത്തരവാണ് സംസ്ഥാന സർക്കാർ അടക്കമുള്ളവരുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്