സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരായി. ജനങ്ങളിൽ നിന്നും ലഭിച്ച നാൽപ്പതിനായിരത്തിലേറെ നിർദേശങ്ങളിൽ ഏറ്റവും ജനകീയമായ പേരാണ് പുതിയ ബ്രാൻഡിക്കായി നിശ്ചയിച്ചിട്ടുള്ളത്. പേരിടൽ വിവാദം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ കോടതി അനുമതിയോടെയാവും പേര് പ്രഖ്യാപിക്കുകയെന്ന് ബവ്കോ.
ഇരട്ട ചങ്കൻ, സഖാവ്, ക്യാപ്റ്റൻ, പോറ്റിയേ കേറ്റിയേ, കപ്പിത്താൻ തുടങ്ങി പേര് നിർദേശം പെരുമഴ പോലെയായിരുന്നു. പുതിയ ബ്രാൻഡിക്ക് പേരിട്ടാൽ പതിനായിരം രൂപ പാരിതോഷികമെന്ന ബവ്കോയുടെ പരസ്യം ജനങ്ങൾ ഒന്നാകെ ഏറ്റെടുത്തു. മദ്യപന്മാരും, മദ്യം ഇതുവരെ തുള്ളി തൊട്ട് നോക്കാത്തവരും പേരിട്ട് പേരെടുക്കാനെത്തി. ഏത് പേര് തെരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലായി ബവ്കോ. സർക്കാർ മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്നു, മദ്യനയത്തിന് വിരുദ്ധമെന്ന വിമർശനം ഉയർന്നെങ്കിലും ബവ്കോ പിന്മാറിയില്ല. പിന്നാലെ മദ്യത്തിന് പേരിടാൻ പൊതുജനങ്ങളെ ക്ഷണിച്ചതിന്‍റെ സാങ്കേതികത്വം പറഞ്ഞ് ഹൈക്കോടതിയിൽ സ്വകാര്യ ഹർജിയെത്തി. ഇതോടെ പേരിടൽ ചടങ്ങ് ബവ്കോ താൽക്കാലികമായി മരവിപ്പിച്ചു. ബവ്കോ നൽകിയ വിശദീകരണം ഈയാഴ്ച ഹൈക്കോടതി പരിഗണിച്ച് പേരിടാൻ അനുമതി നൽകുമെന്നാണ് സർക്കാർ കരുതുന്നത്. അങ്ങനെയെങ്കിൽ ജവാനെന്ന ജനകീയ ബ്രാൻഡിന് സമാനമായി മറ്റൊരു കലക്കൻ പേര് കൂടി മദ്യപൻമാരുടെ ഇഷ്ട ബ്രാൻഡാവും. ഈമാസം ഇരുപത്തി ഒന്നിന് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോൻപാറ പ്ലാൻ്റിൽ മദ്യനിർമാണ യൂണിറ്റിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുൻപ് പേര് വന്നേക്കും. അല്ലെങ്കിൽ ചടങ്ങിൽ വച്ച് പേര് പ്രഖ്യാപിക്കാനാണ് സാധ്യത.