തദ്ദേശ തിരഞ്ഞെടുപ്പിന്റ ഭാഗമായി മനോരമ ന്യൂസ് പാലക്കാട് സംഘടിപ്പിച്ച വോട്ടുകവലയിലുണ്ടായ സംഘര്‍ഷം സമൂഹമാധ്യമങ്ങളിലും തുടര്‍ന്ന് സിപിഎം – ബിജെപി അണികള്‍. പിഎം ആര്‍ഷോയെ കയ്യേറ്റം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. പ്രശാന്തിന്റ പ്രതികരണം ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് പിആര്‍ ആര്‍ഷോ പറഞ്ഞപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രശാന്ത് ശിവന്റ മറുപടി.
പാലക്കാട് നഗരസഭയില്‍ സിപിഎം പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന പ്രശാന്ത് ശിവന്റ വെല്ലുവിളിയാണ് സംഘര്‍ഷത്തിന് തിരി കൊളുത്തിയത്. പരാമര്‍ശങ്ങള്‍ അതിരുവിട്ടതോടെ പ്രശാന്ത് ശിവനും ആര്‍ഷോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സംഘര്‍ഷം സൈബിറടങ്ങളിലേക്കും വ്യാപിച്ചു. സമൂഹമാധ്യമങ്ങളില്‍ കടുത്തഭാഷയിലാണ് ഇരുകൂട്ടരുടേയും പോര്‍വിളി.
ഗുണ്ടായിസമാണ് പ്രശാന്ത് കാണിച്ചതെന്ന് ഡിവൈഎഫ്‌ഐയും ഗുണ്ടയെ നേതാവാക്കിയാല്‍ ഇങ്ങനെയിരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബുവും പ്രതികരിച്ചു. സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെടാതെ മാറി നിന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ഫാറൂഖിനെയും സമൂഹമാധ്യമങ്ങള്‍ വെറുതെ വിട്ടില്ല. കണ്ടിട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെപ്പോലെയുണ്ടല്ലോയെന്നാണ് കമന്റ്.