TOPICS COVERED

ബിജെപി പാലക്കാട് ജില്ല പ്രസിഡന്‍റ് പ്രശാന്ത് ശിവനുമായി നടന്ന വാക്കേറ്റത്തിലും സംഘര്‍ഷത്തിലും പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എം.ആര്‍ഷോ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് സംഘടിപ്പിച്ച വോട്ടുകവലയിലായിരുന്നു ഇരുവരും തമ്മില്‍ വാക്കേറ്റവും തടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. 'ചാണകത്തിൽ ചവിട്ടാതിരിക്കുക' എന്നത് പോലെ തന്നെ 'ചാണകത്തെ ചവിട്ടാതിരിക്കുക' എന്നതും ചില സന്ദർഭങ്ങളിൽ പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്,' എന്നാണ് ആര്‍ഷോ ഫെയ്സ് ബുക്കില്‍ കുറിച്ചത്. 

സി.പി.എം. നഗരസഭയിൽ പത്ത് സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം നിർത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവൻ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സി.പി.എം. പ്രവർത്തകർ എഴുന്നേറ്റതോടെ മറുഭാഗവും സംഘടിച്ചെത്തി. പ്രശാന്തിന്റെ വെല്ലുവിളിക്ക് ബിജെപിയുടെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ചുള്ള ആര്‍ഷോയുടെ മറുപടി വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ഇടപെട്ടു സംസാരിക്കാന്‍ ആരംഭിച്ചു. 

ഇതോടെ ക്ഷുഭിതനായ ആര്‍ഷോ എടോ പ്രശാന്തേ തന്റെ അവസരത്തില്‍ ഞാന്‍ സംസാരിക്കാന്‍ വന്നിട്ടില്ലെന്നും സംസാരിച്ച് പൂര്‍ത്തീകരിക്കട്ടെയെന്നും തന്റെ ഗുണ്ടായിസം ബിജെപി ഓഫീസില്‍ വച്ചാല്‍ മതിയെന്നും മറുപടി പറഞ്ഞു. എന്നാല്‍ എടോ പോടോ വിളിയൊന്നും ഇവിടെ വേണ്ടെന്നു പറഞ്ഞ് പ്രശാന്ത് ആര്‍ഷോയ്ക്കുനേരെ വന്നു. പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഏറെ നേരം നിലനിന്ന സംഘര്‍ഷ സാഹചര്യം പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്.

ENGLISH SUMMARY:

BJP Palakkad clash refers to the recent altercation between BJP's Prashanth Sivan and SFI's P.M. Arsho. The incident occurred during a 'Vote Kavala' event organized by Malayala Manorama News, leading to Arsho's Facebook response regarding political maturity.