അഗ്നി മിസൈല്‍ വികസിപ്പിച്ചു തീരുന്നതുവരെ ഒരു വാക്കുപോലും പുറത്തുപറയാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ഇന്ത്യയുടെ മിസൈല്‍ വനിത ടെസി തോമസ്. ശൂന്യതയില്‍ നിന്ന് 27 വര്‍ഷമെടുത്താണ് ആണവ പോര്‍മുനയുള്ള മിസൈല്‍ രാജ്യം സ്വന്താക്കിയതെന്നും മുന്‍ ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ ജനറലായ ടെസി തോമസ് പറഞ്ഞു. ആദ്യമായാണ് അഗ്നി മിസൈല്‍ വികസിപ്പിക്കുന്നതിനെ കുറിച്ച് ടെസി മനസുതുറക്കുന്നത്.
അതീവ രഹസ്യമായിട്ടായിരുന്നു ഓരോ നീക്കങ്ങളും. സ്വന്തം അമ്മയോടു പോലും പറയാന്‍ അനുമതിയുണ്ടായിരുന്നില്ല എന്നും ടെസി തോമസ് പറയുന്നു. അഗ്നി–4 പരീക്ഷണ വിക്ഷേപണം നടത്തിയപ്പോള്‍ പ്രോജക്ട് ഡിറക്ടറെന്ന നിലയിലാണു ടെസി തോമസിനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. രാജ്യത്തിന്റെ ആദ്യ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി–5ന്റെയും പ്രൊജക്ട് ഡയറക്ടറായതോടെ ടെസി ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപെടാന്‍ തുടങ്ങി.
പൂനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ നിന്നു എം.ടെക് പഠനം പൂര്‍ത്തിയാക്കിയതിനു പിറകെയാണു ആലപ്പുഴക്കാരി ടെസി ഡി.ആര്‍.ഡി.ഒയിലേക്കെത്തുന്നത്. അഗ്നി മിസൈല്‍ പ്രോജക്ടില്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴിയായിരുന്നു തുടക്കം. മിസൈല്‍ സാങ്കേതിക വിദ്യയില്‍ രാജ്യത്തിന് കേട്ടുകേള്‍വികള്‍ മാത്രമുണ്ടായിരുന്ന 1988 ലായിരുന്നു ഇത്. ഡി.ആര്‍.ഡി.ഒയില്‍ നിന്നു വിരമിച്ചശേഷം കന്യാകുമാരിലെ സ്വകാര്യ സര്‍വകലാശാല വൈസ് ചാന്‍സിലറാണിപ്പോള്‍ ടെസി തോമസ്.