Image Credit: Rajasthan Police/ x
മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങളടക്കം പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മേറിലാണ് സംഭവം. ഡിആര്‍ഡിഒയുടെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് ഗസ്റ്റ് ഹൗസിലെ മാനേജറായിരുന്ന മഹേന്ദ്രപ്രസാദ്(32) ആണ് അറസ്റ്റിലായത്. ഇന്ത്യയുടെ പ്രതിരോധ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറി വന്നത് മഹേന്ദ്രയാണെന്ന് പൊലീസ് രഹസ്യാന്വേഷ വിഭാഗം വ്യക്തമാക്കി. പാക് ഏജന്‍റുമാരുമായി നിരന്തരബന്ധം മഹേന്ദ്ര പുലര്‍ത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി നടത്തിയ അതീവ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മഹേന്ദ്ര കുടുങ്ങിയത്. ഡിആര്‍ഡിഒയുടെ ഗസ്റ്റ് ഹൗസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു മഹീന്ദ്ര. സിഐഡിയുടെ പിടിയിലായ ഉത്തരാഖണ്ഡ് സ്വദേശിയാണ് മഹേന്ദ്രയെ കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയത്.
ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരും പരീക്ഷണങ്ങള്‍ നേരിട്ടു കാണാനായി കേന്ദ്രത്തിലെത്തുന്ന വിവരങ്ങളാണ് മഹേന്ദ്ര പാക്കിസ്ഥാന് കൈമാറിയത്. മിസൈലുകളുടെയും പുതിയതായി വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെയും പരീക്ഷണം നടത്താന്‍ പലപ്പോഴും ഇവിടമാണ് തിരഞ്ഞെടുത്തിരുന്നത്. തന്ത്രപ്രധാനമായ ഒട്ടേറെ ആയുധങ്ങളടക്കം ജയ്സാല്‍മേറിലാണ് സൈന്യം പരീക്ഷിച്ചിട്ടുള്ളത്.
കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ മഹേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പോലും പാക് ഏജന്‍റുമാരിലേക്ക് മഹേന്ദ്ര എത്തിച്ചിരുന്നതായി ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മഹേന്ദ്ര വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മഹേന്ദ്രയ്ക്കെതിരെ ചാരവൃത്തിക്ക് കേസെടുത്തിട്ടുണ്ട്.