തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തു മാനുകള്‍ കൂട്ടത്തോടെ ചത്തതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വീഴ്ച വരുത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടി വരുമെന്ന് മന്ത്രി വ്യക്തമാക്കി. പാര്‍ക്കിന് കേന്ദ്ര സൂ അതോറിറ്റിയുടെ പെര്‍മിറ്റുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരുവു നായ്ക്കള്‍ നുഴഞ്ഞു കയറിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉറപ്പാണ്. വീഴ്ചകള്‍ പരിഹരിച്ചു മുന്നോട്ടു പോകാനാണ് വനംവകുപ്പിന്‍റെ നീക്കം. മാനുകളെ ഇവിടേയ്ക്കു മാറ്റിയിട്ട് ആറു മാസമായി. ഇതുവരെ തെരുവു നായകള്‍ കയറിയിട്ടുമില്ല. നായകള്‍ നുഴഞ്ഞു കയറിയ ഭാഗം കണ്ടെത്തി. രണ്ടു നായകളെ പിടിച്ചിട്ടുമുണ്ട്. നായകളുടെ കടിയേറ്റല്ല മാനുകളുടെ മരണം. നായകളെ കണ്ട ഉടനെയുണ്ടായ പരക്കംപാച്ചിലില്‍ തലിയിടിച്ചാണ് പരുക്കുകള്‍. ആധി കൂടിയ ഇനം മൃഗങ്ങളായതിനാല്‍ ഹൃദയം നിലച്ചു.
പതിനഞ്ചു ദിവസം മുമ്പായിരുന്നു സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഉദ്ഘാടനം. നിലവില്‍ നിശ്ചിത ആളുകള്‍ക്കു മാത്രമാണ് പ്രവേശനം. പാര്‍ക്കിന്‍റെ മറ്റിടങ്ങളില്‍ സുരക്ഷാ പരിശോധന നടത്തി. അവിടെ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതി ലൈനുകളും കിടങ്ങും ഉപയോഗിച്ച് മൃഗങ്ങളെ നിയന്ത്രിച്ചിട്ടുള്ളത്.